മണിപ്പൂരിൽ സുരക്ഷാസേനയും കുടിയൊഴിക്കപ്പെട്ടവരും തമ്മിൽ ഏറ്റുമുട്ടി
ഇംഫാൽ: മണിപ്പൂരിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ട ആളുകളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടി. ഇന്നലെ പുഖാവോയിലും ദൊലൈത്താബി ഡാമിന് സമീപത്തുമാണ് ഏറ്റുമുട്ടലുണ്ടായത്. കുടിയൊഴിപ്പിക്കപ്പെട്ടവർ തങ്ങളുടെ വീടുകളിലേക്ക് മടങ്ങാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്.
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന ഇക്കൗ,ദൊലൈത്താബി,യെങ്ഖുമൻ എന്നിവിടങ്ങളിൽനിന്നുള്ള ആളുകൾ അവരുടെ വീടുകളിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിച്ചെങ്കിലും സുരക്ഷാസേന അവരെ തടയുകയായിരുന്നു. സംഘർഷ സാദ്ധ്യതയുള്ള 'റെഡ് സോൺ' മേഖലകളിലേക്ക് പ്രവേശിക്കരുതെന്ന് സുരക്ഷാസേന ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും അവർ രാവിലെ മുതൽ സംഘങ്ങളായി നീങ്ങാൻ തുടങ്ങി. ഇതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്. മണിപ്പൂരിലെ സംഗായി ഫെസ്റ്റിവൽ നടക്കുന്നതിനാൽ സംസ്ഥാനത്ത് സാധാരണനില പുനഃസ്ഥാപിക്കപ്പെട്ടുവെന്നും തങ്ങളെ വീടുകളിലേക്ക് മടങ്ങാൻ അനുവദിക്കണമെന്നും കുടിയൊഴിപ്പിക്കപ്പെട്ടവർ അവകാശപ്പെടുകയായിരുന്നു. പിന്നാലെ പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതോടെ ഇവരെ പിരിച്ചുവിടാൻ സുരക്ഷാസേന കണ്ണീർവാതകം പ്രയോഗിച്ചു.