തിളക്കമില്ലാത്ത രാഷ്‌ട്രീയ കരിയർ

Tuesday 25 November 2025 2:48 AM IST

ന്യൂഡൽഹി: സൂപ്പർതാരം ഇമേജുമായാണ് ധർമ്മേന്ദ്ര ബി.ജെ.പി ടിക്കറ്റിൽ രാഷ്ട്രീയത്തിലേക്കെത്തിയത്. കോൺഗ്രസിൽ നിന്ന് ബിക്കാനീർ സീറ്റ് പിടിച്ചെടുക്കാൻ ധർമ്മേന്ദ്രയെ മത്സരിപ്പിക്കാനുള്ള ആശയം മുതിർന്ന നേതാവ് എൽ.കെ. അദ്വാനിയുടേതായിരുന്നു. അദ്വാനിയും ശത്രുഘ്‌നൻ സിൻഹയും നിർബന്ധിച്ചതിനാൽ മത്സരിക്കാൻ തീരുമാനിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി രാമേശ്വർ ലാൽ ദുഡിയെ 60,000 വോട്ടുകൾക്ക് തോൽപ്പിച്ച് ധർമ്മേന്ദ്ര എം.പിയായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ സിനിമാത്തിരക്കുകൾക്കിടെ പാർലമെന്റിൽ പോകാനോ, രാഷ്‌ട്രീയ ഇടപെടൽ നടത്താനോ കഴിഞ്ഞില്ല. ഇത് വൻ വിമർശനത്തിന് ഇടയാക്കി. എന്നാൽ ബിക്കാനീറുമായുള്ള ബന്ധം നിലനിറുത്താൻ ശ്രമിച്ചു. അഞ്ചു വർഷം പൂർത്തിയാക്കിയ ശേഷം രാഷ്‌ട്രീയം മതിയാക്കിയ ധർമ്മേന്ദ്ര 2009ൽ ബിക്കാനീറിൽ വീണ്ടും മത്സരിക്കാനുള്ള ബി.ജെ.പി ക്ഷണം നിരസിച്ചു. രാഷ്‌ട്രീയ പ്രവേശം തെറ്റായ തീരുമാനമായിരുന്നുവെന്നും തന്റെ സ്വഭാവത്തിന് അനുയോജ്യമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നതായി മകൻ സണ്ണി ഡിയോൾ പിന്നീട് വെളിപ്പെടുത്തിയിരുന്നു.

ധർമ്മേന്ദ്ര പിന്മാറിയെങ്കിലും ഭാര്യ ഹേമമാലിനിയും മകൻ സണ്ണി ഡിയോളും രാഷ്ട്രീയത്തിലിറങ്ങി. ഹേമമാലിനി ഉത്തർപ്രദേശിലെ മഥുരയിൽ നിന്നുള്ള ബി.ജെ.പി എം.പിയാണ്. ഇടയ്ക്ക് നഷ്ടപ്പെട്ട പഞ്ചാബിലെ ഗുരുദാസ്‌പൂർ സീറ്റ് ബി.ജെ.പി 2019ൽ തിരിച്ചുപിടിച്ചത് സണ്ണി ഡിയോളിലൂടെയാണ്. 2024ൽ അദ്ദേഹം മത്സരിച്ചില്ല.