വ്യാപക എക്സൈസ് റെയ്ഡ്: നാലു കോടിയുടെ ലഹരിയും സ്‌പിരിറ്റും പിടികൂടി
തിരുവനന്തപുരം : ഒൻപത് ദിവസത്തിനിടെ എക്സൈസ് 3.65 കോടിയുടെ മയക്കുമരുന്നും 55.27 ലക്ഷത്തിന്റെ അനധികൃത സ്പിരിറ്റും പിടിച്ചെടുത്തു. 3171കേസുകളെടുത്തു 613 പ്രതികൾ അറസ്റ്റിലായി. തിരഞ്ഞെടുപ്പിന്റെയും ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങളുടെയും പശ്ചാത്തലത്തിലാണ് പരിശോധന. 5,01,800 രൂപ പിഴയീടാക്കിയിട്ടുണ്ട്.
കൊച്ചിയിൽ രണ്ട് കിലോയിൽ അധികം വരുന്ന ഹാഷിഷ് ഓയിലാണ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് പിടിച്ചത്. രണ്ട് ഒഡീഷ സ്വദേശികൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിലായി. രണ്ട് കോടിയിലധികം രൂപ വിലവരുന്ന ഹാഷിഷ് ഓയിലാണ് പിടിച്ചത്. ശനിയാഴ്ച കണ്ണൂർ പഴയങ്ങാടിയിൽ 11,055 ലിറ്റർ സ്പിരിറ്റും പിടികൂടി.
എക്‌സൈസ് പിടിച്ചെടുത്തത് കാലിത്തീറ്റ ചാക്കുകൾക്കടിയിൽ സൂക്ഷിച്ച് ഹുബ്ലിയിൽ നിന്ന് എറണാകുളത്തേക്ക് കടത്തുകയായിരുന്ന 335 കന്നാസ് സ്പിരിറ്റാണ്. കർണാടക സ്വദേശിയായ ഡ്രൈവറെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പ്, കൊക്കൈൻ, കഞ്ചാവ് ഉൾപ്പെടെ കണ്ടെടുക്കുകയും നിരവധി പ്രതികളെ പിടികൂടുകയും ചെയ്തിരുന്നു.
3911 റെയ്ഡുകളാണ് എക്‌സൈസ് ഒൻപത് ദിവസത്തിനിടെ നടത്തിയത്. 417 അബ്കാരി കേസുകളിൽ 355 പ്രതികളും 243 മയക്കുമരുന്ന് കേസുകളിൽ 234 പ്രതികളും പിടിയിലായി.
പിടികൂടിയവ
ഹാഷിഷ് ഓയിൽ..........3 കിലോ
കഞ്ചാവ്........................104.14 കിലോ
എം.ഡി.എം.എ.............259.87 ഗ്രാം
ഹെറോയിൻ..............10.03 ഗ്രാം
ബ്രൌൺ ഷുഗർ ............93.59 ഗ്രാം