പ്രചാരണ ചെലവ്: പരിശോധിക്കാൻ നിരീക്ഷകർ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ പ്രചാരണച്ചെലവ് നിയമാനുസൃതമാണോയെന്ന് പരിശോധിക്കാൻ നിരീക്ഷകരെ നിയോഗിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ എ. ഷാജഹാൻ അറിയിച്ചു. സ്ഥാനാർത്ഥിപ്പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞാലുടൻ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം വിളിക്കും.
പ്രചാരണം സമാധാനപരമായിരിക്കണം. വിദ്വേഷ പ്രചാരണവും വ്യക്തിഹത്യയും പാടില്ല. അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ 3 വർഷം തടവോ, 10,000 രൂപ പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്. ബാലറ്റ് പേപ്പറടക്കം അച്ചടിക്കുന്നതിനുള്ള നടപടി ഉടൻ തുടങ്ങും. അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് പോസ്റ്റൽ ബാലറ്റ് വിതരണം ചെയ്യാനും നിർദ്ദേശം നൽകി.
സർക്കാർ ഓഫീസുകളിലും മറ്റു പൊതുഇടങ്ങളിലും ചുമർഎഴുതാനോ, പോസ്റ്റർ ഒട്ടിക്കാനോ, ബാനർ, കട്ടൗട്ട് എന്നിവ സ്ഥാപിക്കാനോ പാടില്ല. നോട്ടീസ് ലഭിച്ചിട്ടും പൊതുഇടങ്ങളിലുള്ളവ നീക്കംചെയ്തില്ലെങ്കിൽ അവ നീക്കും. അതിനുള്ള ചെലവ് ബന്ധപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിൽ ചേർക്കാനും നിർദ്ദേശം നൽകി.