12,000 വർഷത്തിന് ശേഷം ഹെയ്‌ലി ഗബ്ബി പൊട്ടിത്തെറിച്ചു  ഇന്ത്യൻ വിമാനങ്ങൾക്ക് മുന്നറിയിപ്പ്

Tuesday 25 November 2025 6:55 AM IST

ആഡിസ് അബബ: കിഴക്കേ ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിലെ ഹെയ്‌ലി ഗബ്ബി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. ഏകദേശം 12,​000 വർഷങ്ങൾക്ക് ശേഷമാണ് പൊട്ടിത്തെറി. ഹെയ്‌ലി ഗബ്ബി വിദൂര അഫാർ മേഖലയിൽ സ്ഥിതി ചെയ്യുന്നതിനാൽ ആളപായമില്ല.

എന്നാൽ ഞായറാഴ്ചയുണ്ടായ പൊട്ടിത്തെറിയുടെ ഫലമായി രൂപപ്പെട്ട ചാരവും സൾഫർ ഡൈ ഓക്സൈഡും നിറഞ്ഞ മേഘങ്ങൾ ഇന്നലെ വൈകിട്ടോടെ ഇന്ത്യയുടെ വ്യോമപരിധിയിലേക്ക് എത്തിത്തുടങ്ങി. ഗുജറാത്ത്,​ രാജസ്ഥാൻ,​ ഡൽഹി,​ പഞ്ചാബ് തുടങ്ങി ഇന്ത്യയുടെ വടക്ക്, പടിഞ്ഞാറൻ ഭാഗങ്ങളെ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. അഗ്നിപർവ്വത സ്ഫോടന ഫലമായുണ്ടാകുന്ന ചാരം വിമാന എൻജിനുകൾക്ക് അപകടമായതിനാൽ ഡയറക്ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ ജാഗ്രതാ നിർദ്ദേശം നൽകി.

ചാര മേഘങ്ങളുടെ സാന്നിദ്ധ്യമുള്ള മേഖലയിലൂടെ യാത്ര ഒഴിവാക്കാനാണ് നിർദ്ദേശം. വളരെ ഉയരത്തിൽ നീങ്ങുന്നതിനാൽ ചാര മേഘങ്ങൾ ആരോഗ്യ ഭീഷണി സൃഷ്ടിക്കില്ലെന്നാണ് വിലയിരുത്തൽ. വായു ഗുണനിലവാരം മോശമാകാൻ സാദ്ധ്യതയുണ്ടോ എന്ന് വിദഗ്ദ്ധർ നിരീക്ഷിക്കുന്നുണ്ട്. യെമൻ,​ ഒമാൻ തുടങ്ങിയ മേഖലകളെയും ചാര മേഘങ്ങൾ ബാധിക്കും. ഇൻഡിഗോ അടക്കം എയർലൈനുകൾ ഏതാനും വിമാനങ്ങൾ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തു.