റൺവേ തെറ്റിച്ച് അഫ്ഗാൻ വിമാനം; ഒഴിവായത് വൻ ദുരന്തം
ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ റൺവേ തെറ്റിച്ച് ലാൻഡ് ചെയ്ത് അഫ്ഗാനിസ്ഥാൻ വിമാനം. ലാൻഡിംഗ് റൺവേയ്ക്ക് പകരം ടേക്ക് ഓഫ് ചെയ്യുന്ന റൺവേയിലാണ് വിമാനം ഇറങ്ങിയത്. ടേക്ക് ഓഫ് റൺവേയിൽ മറ്റു വിമാനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. കാബൂളിൽ നിന്നുള്ള അരിയാന അഫ്ഗാൻ എയർലൈൻസിന്റെ വിമാനം എഫ്.ജി 311 അബദ്ധത്തിൽ തെറ്റായ റൺവേയിൽ ലാൻഡ് ചെയ്തത്. ഈ വിമാനത്തിന് ഇടതുവശത്തെ റൺവേ 29 (29 L) ലാണ് ലാൻഡിംഗിന് അനുമതി നൽകിയിരുന്നത്. എന്നാൽ പൈലറ്റ് വിമാനം ഇറക്കിയത് വലതുവശത്തെ റൺവെ 29 (29R)ലാണ്. ഡൽഹിയിൽ 29ആർ റൺവേ ടേക്ക് ഓഫിനും 29എൽ റൺവേ ലാൻഡിംഗിനുമാണ് ഉപയോഗിക്കുന്നത്. സംഭവത്തിൽ വ്യോമയാന വകുപ്പ് അന്വേഷണം ആരംഭിച്ചു. അവസാന നിമിഷത്തിൽ ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റത്തിന് (ഐ.എൽ.എസ്) തകരാർ സംഭവിച്ചതാണ് റൺവേ മാറി ലാൻഡ് ചെയ്യാൻ കാരണമെന്നാണ് റിപ്പോർട്ട്. റൺവേ മാറിയതായി എയർ ട്രാഫിക് കൺട്രോൾ (എ.ടി.സി) മുന്നറിയിപ്പ് നൽകിയില്ലെന്ന് പൈലറ്റ് ആരോപിച്ചു.