ഡൽഹി സ്‌ഫോടനത്തിൽ ഐ.എസ്.ഐ ബന്ധം? 2020 മുതൽ ബ്രെയിൻ വാഷിംഗ്
ന്യൂഡൽഹി: ഡൽഹി സ്‌ഫോടനത്തിൽ പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐക്ക് നേരിട്ടു ബന്ധമെന്ന സംശയം ബലപ്പെടുന്നു. ഡൽഹി അടക്കമുള്ള നഗരങ്ങളിൽ ഉഗ്രസ്‌ഫോടനങ്ങൾ നടത്താൻ ഡോക്‌ടർമാർ ഉൾപ്പെടെയുള്ളവരെ വലയിലാക്കി 'വൈറ്റ് കോളർ മൊഡ്യൂൾ' രൂപീകരിച്ചതിൽ പാകിസ്ഥാൻ സ്വദേശിയായ ഫൈസൽ ഇക്ബാൽ എന്നയാൾക്ക് നിർണായക പങ്കുണ്ടെന്ന് അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചു.
ഇയാൾ ഐ.എസ്.ഐ ഏജന്റാണെന്നാണ് സംശയം. ഇന്ത്യയിൽ 200ൽപ്പരം ഇടങ്ങളിൽ സ്‌ഫോടനം നടത്താൻ ഇയാളെ പ്രത്യേകമായി നിയോഗിച്ചുവെന്നാണ് വിവരം. കേസിൽ അറസ്റ്രിലായ ഡോക്‌ടർമാരുടെ അടക്കം ആപ്പുകളിലൂടെയുള്ള ചാറ്റുകൾ വിശദമായി അന്വേഷണസംഘം പരിശോധിക്കുകയാണ്.
അതേസമയം, ചെങ്കോട്ടയ്‌ക്കു സമീപം പൊട്ടിച്ചിതറിയ ഡോ. ഉമർ നബി അടക്കം ഡോക്‌ടർമാർ 2020 മുതൽ ഭീകരരുടെ ബ്രെയിൻവാഷിംഗിന് വിധേയരായെന്നാണ് ഏജൻസികളുടെ നിഗമനം. ഫരീദാബാദ് അൽ ഫലാ യൂണിവേഴ്സിറ്രിയിലെ എം.ബി.ബി.എസ് പഠനത്തിനും, ഇന്റേൺഷിപ്പിനുമിടെയാണിത്. ന്യൂനപക്ഷ വംശഹത്യയെന്ന് ചിത്രീകരിക്കുന്ന തരത്തിലുള്ള എ.ഐ വീഡിയോകൾ കാണിച്ച് അവരിൽ വിദ്വേഷം നിറച്ചു. ചാവേറായി മാറാൻ മാനസികമായി തയ്യാറാക്കിയെന്നും അന്വേഷണ ഏജൻസികൾ വിലയിരുത്തുന്നു.
അണ്ടർഗ്രൗണ്ട് മദ്രസ
കേന്ദ്രീകരിച്ചും അന്വേഷണം
ഫരീദാബാദിൽ ഭൂമിക്കടിയിൽ നിർമ്മിക്കുന്ന മദ്രസ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു. ഡൽഹി സ്‌ഫോടനക്കേസിൽ അറസ്റ്റിലായ ഡോ. മുസമ്മിൽ ഗനിയേ മസ്‌ജിദ് നിർമ്മാണത്തിന് ഫണ്ട് നൽകിയെന്ന് ഏജൻസികൾ സംശയിക്കുന്നു. അൽ ഫലാ യൂണിവേഴ്സിറ്രിയുടെ രണ്ടു കിലോമീറ്രറിനകത്താണ് മസ്ജിദ്.