ദുബായ് എയർ ഷോയ്ക്കെതിരെ യു.എസ് പൈലറ്റ്
ദുബായ്: ദുബായ് എയർ ഷോ 2025ൽ ഇന്ത്യൻ വ്യോമസേനയുടെ തേജസ് വിമാനം തകർന്ന് പൈലറ്റ് വിംഗ് കമാൻഡർ നമൻഷ് സിയാൽ മരിച്ചതിന് ശേഷവും എയർ ഷോ തുടർന്നതിനെതിരെ യു.എസ് പൈലറ്റ്. ഷോ തുടരാനുള്ള സംഘാടകരുടെ തീരുമാനം ഞെട്ടിച്ചുവെന്നായിരുന്നു യു.എസ് എയർഫോഴ്സ് പൈലറ്റ് മേജർ ടെയ്ലർ ഫെമ ഹൈസ്റ്റർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇന്ത്യൻ പൈലറ്റിനോടും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടുമുള്ള ആദര സൂചകമായി തന്റെ ടീം അവസാന പ്രകടനം റദ്ദാക്കിയതായും അദ്ദേഹം കുറിച്ചു. 1500 മണിക്കൂറിലധികം പറക്കൽ പരിചയമുള്ള ടെക്സാസ് സ്വദേശിയായ എഫ്-16 വൈപ്പർ ഡെമോൺസ്‌ട്രേഷൻ ടീം കമാൻഡറാണ് ഹൈസ്റ്റർ. തേജസ് വിമാനം തീപിടിച്ചപ്പോൾ, സ്വന്തം പ്രകടനത്തിനായി തയ്യാറെടുക്കുകയായിരുന്നു അദ്ദേഹം. പെട്ടെന്നുള്ള ആ അനുഭവം തനിക്ക് ഞെട്ടലും അസ്വസ്ഥതയും ഉണ്ടാക്കിയെന്ന് ഹൈസ്റ്റർ പറഞ്ഞു. ദുരന്തം നടന്നിട്ടും ഷോ തുടർന്നതിലുള്ള അമർഷവും അദ്ദേഹം പ്രകടമാക്കി.
നമൻഷ് സ്യാലിന് ആദരവ് നൽകുന്നതിനുവേണ്ടിയാണ് എയർഷോ പുനരാരംഭിച്ചതെന്ന് അധികൃതർ പറഞ്ഞു.