അഗ്നിപർവത സ്‌ഫോടനം: ഗൾഫ് മേഖലയിലേക്കുള്ള വ്യോമഗതാഗതം പ്രതിസന്ധിയിൽ; വിമാനക്കമ്പനികൾക്ക് ജാഗ്രതാ നിർദ്ദേശം
കൊച്ചി: ഏത്യോപ്യയിലെ ഹെയ്ലി ഗുബ്ബി അഗ്നിപർവത സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ നെടുമ്പാശേരിയിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്നും തടസപ്പെടാൻ സാദ്ധ്യത. കഴിഞ്ഞ ദിവസം ജിദ്ദയിലേക്കുള്ള ആകാശ് എയറും ദുബായിലേക്കുള്ള ഇൻഡിഗോയും സർവീസുകൾ നിർത്തിവച്ചിരുന്നു. രാത്രി പുറപ്പടേണ്ട ദുബായിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനവും സർവീസ് ഇന്നത്തേക്ക് പുനക്രമീകരിച്ചിരുന്നു.
അഗ്നിപർവത സ്‌ഫോടനം ഏഷ്യയിലെ വ്യോമഗതാഗതത്തെ കാര്യമായ രീതിയിൽ ബാധിച്ചിട്ടുണ്ട്. ഡൽഹി അടക്കമുള്ള നഗരങ്ങളിൽ പുകപടലങ്ങൾ എത്തിയിട്ടുണ്ട്. രാജസ്ഥാനിലും മഹാരാഷ്ട്രയിലും പുക രൂക്ഷമാണ്. ഈ സാഹചര്യത്തിൽ വിമാനക്കമ്പനികൾ ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്. ഗൾഫ് മേഖലയിലേക്കുള്ള വ്യോമഗതാഗതവും പ്രതിസന്ധിയിലാണ്. കണ്ണൂർ അബുദാബി വിമാനം അഹമ്മദാബാദിൽ ഇറക്കിയെന്ന വിവരവുമുണ്ട്.
അഗ്നിപർവ്വത സ്‌ഫോടനം മൂലമുണ്ടായ പൊടിപടലങ്ങൾ വായുവിന്റെ ഗുണനിലവാര സൂചികയെ ബാധച്ചേക്കാമെന്നും അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും മാസ്‌ക് ധരിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഏകദേശം 10,000 വർഷമായി നിഷ്‌ക്രിയമായിരുന്ന ഹെയ്ലി ഗുബ്ബി അഗ്നിപർവതം ഞായറാഴ്ച രാവിലെ 8:30 ഓടെയാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനം ഇപ്പോൾ അവസാനിച്ചതായാണ് വിവരം.