കാമുകന്റെ കടബാദ്ധ്യത തീർക്കണം; അമ്മയെ കൊന്ന് സ്വർണാഭരണം മോഷ്ടിച്ച് മകൾ, അറസ്റ്റിൽ

Tuesday 25 November 2025 9:58 AM IST

തൃശൂർ: മുണ്ടൂരിൽ അമ്മയെ കൊന്ന മകളും കാമുകനും പിടിയിൽ. മുണ്ടൂർ സ്വദേശിനി തങ്കമണിയുടെ (75) മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. ശനിയാഴ്ചയാണ് തങ്കമണി കൊല്ലപ്പെട്ടത്. തങ്കമണിയുടെ മകൾ സന്ധ്യ (45), കാമുകൻ നിതിൻ (27) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഉരലിൽ തലയിടിച്ച് വീണ് അമ്മ മരിച്ചുവെന്നാണ് സന്ധ്യ ആദ്യം പറഞ്ഞത്. എന്നാൽ കൊലപാതകമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സ്വർണാഭരണങ്ങൾ തട്ടിയെടുക്കാനാണ് കൊല നടത്തിയതെന്ന് പെലീസ് പറയുന്നു. കൊലപാതകം നടത്തിയശേഷം മൃതദേഹം രാത്രി പറമ്പിലിടുകയായിരുന്നു. തങ്കമണി പറമ്പിൽ കിടക്കുന്ന വിവരം അയൽവാസി കൂടിയായ നിതിൻ തന്നെയാണ് പൊലീസിനെ അറിയിച്ചത്.

ശരീരത്തിൽ സ്വർണാഭരണങ്ങൾ കാണാതെ വന്നതോടെയാണ് കൊലപാതകമാണെന്ന സംശയം ഉയർന്നതെന്ന് അയൽവാസി പ്രിയൻ പറയുന്നു. മൃതദേഹം തിരിച്ചിട്ടപ്പോൾ കഴുത്തിലും ചെവിയിലും പാടുണ്ടായിരുന്നു. തങ്കമണിയുടെ ഏക മകളാണ് സന്ധ്യ. സന്ധ്യയ്ക്ക് ഭർത്താവും ഒരു മകനുമുണ്ട്. കൊലപാതകത്തിന് ശേഷം ശബരിമലയിലേക്ക് പോയ നിതിൻ സന്ധ്യയുടെ മകനെ വിളിച്ച് പൊലീസ് എത്തിയോ, ഫോറൻസിക് ഉദ്യോഗസ്ഥർ വന്നോ എന്നെല്ലാം നിരന്തരം അന്വേഷിച്ചു.

ഇത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ ശബരിമലയിൽ നിന്നും തിരികെയെത്തിയ നിതിനെ കസ്റ്റഡിയിലെടുത്തു. തുടക്കത്തിൽ നിതിൻ കുറ്റം സമ്മതിച്ചില്ല. ഇതിനിടെ സന്ധ്യയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തുടർന്ന് സന്ധ്യയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് നിതിനുമായി നിരന്തരം സംസാരിച്ചതിന്റെ വിവരങ്ങളും സ്വർണവും പണവും കെെമാറിയതിന്റെ രേഖകളും ലഭിച്ചത്. ഈ തെളിവുകൾ പൊലീസ് നിരത്തിയതോടെ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. സ്വർണാഭരണം കെെക്കലാക്കാൻ അമ്മയെ കൊലപ്പെടുത്തിയെന്നും കഴുത്തുഞെരിച്ചും ശ്വാസം മുട്ടിച്ചുമാണ് കൊന്നതെന്നും സന്ധ്യ പറഞ്ഞു. രണ്ട് കമ്മലും മാലയും സന്ധ്യയും നിതിനുമെടുത്തു. നിതിന്റെ കടബാദ്ധ്യത തീർക്കുന്നതിനായാണ് ഇങ്ങനെ ചെയ്തതെന്ന് സന്ധ്യ മൊഴി നൽകി.