ഭർത്താവിനെ കൊന്ന് കഷ്‌ണങ്ങളാക്കി വീപ്പയിലടച്ച കേസ്; പ്രതി മുസ്‌കാന് പെൺകുഞ്ഞ് ജനിച്ചു

Tuesday 25 November 2025 10:18 AM IST

മീററ്റ്: കാമുകനുമായി ചേർന്ന് ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീപ്പയിലൊളിപ്പിച്ച കേസിലെ പ്രതിയായ മുസ്‌കാന് പെൺകുഞ്ഞ് ജനിച്ചു. മകളുടെ ജന്മദിനം ആഘോഷിക്കാൻ ലണ്ടനിൽ നിന്നെത്തിയപ്പോഴാണ് മുസ്‌കാന്റെ ഭർത്താവ് സൗരഭ് കൊല്ലപ്പെട്ടത്. ഭക്ഷണത്തിൽ ഉറക്കഗുളിക ചേർത്ത് നൽകിയ ശേഷം മൂർച്ചയേറിയ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് തലയും കൈകളും വെട്ടിമാറ്റി. ശരീരഭാഗങ്ങൾ നീല വീപ്പയിലാക്കി കോൺക്രീറ്റ് ചെയ്‌തെന്നാണ് കേസ്.

മീററ്റിലെ ജയിലിൽ കഴിഞ്ഞിരുന്ന മുസ്‌കാനെ കഴിഞ്ഞ ദിവസം പ്രസവത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 2.4 കിലോഗ്രാം ഭാരമുള്ള ആരോഗ്യമുള്ള കുഞ്ഞാണ് ജനിച്ചത്. മുസ്‌കാനും ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മുസ്‌കാൻ പ്രസവിച്ച വിവരം കുടുംബാംഗങ്ങളെ അറിയിച്ചിരുന്നുവെങ്കിലും ആരും സന്ദർശിക്കാൻ എത്തിയില്ല.

ഇക്കഴിഞ്ഞ മാർച്ച് നാലിനായിരുന്നു ഭർത്താവിനെ ഇന്ദിരാനഗറിലെ വീട്ടിൽ വച്ച് മുസ്‌കാനും കാമുകൻ സഹിൽ ശുക്ലയും ചേർന്ന് കൊലപ്പെടുത്തിയത്. തുടർന്ന് ശരീരം 15 കഷ്‌ണങ്ങളാക്കി വീപ്പയിലിട്ട് അതിനുള്ളിൽ മരം നടാനായിരുന്നു ആദ്യ പദ്ധതി. എന്നാൽ, ദുർഗന്ധം വമിക്കുമെന്ന് ഭയന്ന് കോൺക്രീറ്റ് ചെയ്‌തു. ഭാരത്തെത്തുടർന്ന് വീപ്പ ഉയർത്താൻ കഴിയാതെ വന്നതോടെ പുറത്ത് നിന്നും ആളുകളെ കൊണ്ടുവന്നു. ഇവർക്കും സാധിക്കാതെ വന്നതോടെ സൗരഭിനെ താൻ കൊലപ്പെടുത്തിയെന്നും കാമുകനൊപ്പം പോവുകയാണെന്നും മാതാപിതാക്കളോട് പറഞ്ഞശേഷം ഹിമാചലിലേക്ക് കടന്നു.

വിവരം വീട്ടുകാർ പൊലീസിൽ അറിയിച്ചതോടെ മാർച്ച് 18ന് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്‌തു. മുസ്‌കാന്റെ മാതാപിതാക്കൾ മകൾക്കെതിരെ പൊലീസിൽ മൊഴി നൽകിയിരുന്നു. സാഹിലും മുസ്‌കാനും തമ്മിലുള്ള ബന്ധം സൗരഭിന് അറിയാമായിരുന്നു. മകളെ ഓർത്താണ് അദ്ദേഹം വിവാഹബന്ധം ഉപേക്ഷിക്കാതിരുന്നത്. ലണ്ടനിലേക്ക് കൊണ്ടുപോകാൻ സൗരഭ് മകൾക്ക് പാസ്‌പോർട്ടിന് അപേക്ഷിച്ച് കാത്തിരിക്കുകയായിരുന്നു.