മഴക്കെടുതി; തമിഴ്നാട്ടിൽ അഞ്ച് മരണം, തിരുവാരൂരിൽ സ്ത്രീ ഷോക്കേറ്റ് മരിച്ചു

Tuesday 25 November 2025 10:22 AM IST

ചെന്നൈ: മഴക്കെടുതിയിൽ തമിഴ്നാട്ടിൽ അഞ്ച് മരണം. തിരുനെൽവേലി,​ തൂത്തുക്കുടി,​ തേനി എന്നീ ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. തിരുവാരൂരിൽ ഒരു സ്ത്രീ ഷോക്കേറ്റ് മരിച്ചു. നിന്നിലത്ത് സ്വദേശി ജയന്തി (40) ആണ് മരിച്ചത്. കനത്ത മഴയെതുടർന്ന് അഞ്ച് ജില്ലകളിലടക്കം തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

തിരുനെൽവേലിയിലെ പ്രസിദ്ധമായ കുറുക്കുത്തുറൈ മുരുകൻ ക്ഷേത്രത്തിൽ താമരഭരണി നദിയിൽ ജലനിരപ്പ് ഉയർന്നതോടെ വെള്ളം കയറി. നദിയുടെ തീരപ്രദേശത്ത് താമസിക്കുന്നവർക്ക് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി. നാഗപട്ടണം ടൗണിൽ ഏകദേശം 15,000 ഏക്കർ കൃഷിയാണ് വെള്ളത്തിൽ മുങ്ങിയത്. തൂത്തുക്കുടിയിൽ സ്ഥിതി അതീവ ഗുരുതരമായതോടെ ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) സംഘമെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

തൂത്തുകുടിയിലുള്ള സർക്കാർ ആശുപത്രിയിൽ വെള്ളം കയറിയതിനെത്തുടർന്ന് രോഗികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. അതേസമയം ചെന്നൈയിലും ഡെൽറ്റ ജില്ലകളിലും മറ്റും നിലവിൽ മഴയുടെ തീവ്രത കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ദക്ഷിണ ആൻഡമാൻ കടലിൽ ഇന്ന് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് വ്യാഴാഴ്ചയോടെ 'സെന്യാർ' ചുഴലിക്കാറ്റായി മാറാൻ സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങരുതെന്നും കാലാവസ്ഥാ വകുപ്പ് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.