'അവനും ഭാര്യയും പോയി ഓപ്പറേഷൻ ചെയ്തു; വേണ്ടെന്ന് ഞങ്ങൾ പറഞ്ഞതാണ്, അതോടെ കാര്യം കഴിഞ്ഞു'

Tuesday 25 November 2025 11:25 AM IST

കമൽ സംവിധാനം ചെയ്ത നമ്മളിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തു വച്ച നടനായിരുന്നു ജിഷ്ണു രാഘവൻ. പിന്നീട് ഒട്ടേറെ ചിത്രങ്ങളിൽ സുപ്രധാന വേഷങ്ങളിൽ ജിഷ്ണു അഭിനയിച്ചു. സിനിമാ കരിയറിൽ മികച്ച് നിൽക്കുന്ന സമയത്താണ് ജിഷ്ണുവിന് ക്യാൻസർ പിടിപെടുന്നത്. തുടർന്ന് 2016ൽ അദ്ദേഹം ക്യാൻസർ രോഗത്തോട് പൊരുതി വിടവാങ്ങി. ഇപ്പോഴിതാ മകന്റ രോഗത്തെക്കുറിച്ചും ഓർമ്മകളെക്കുറിച്ചും തുറന്നുപറയുകയാണ് നടൻ രാഘവൻ.

മകൻ ജിഷ്ണുവിന്റെ രോഗം മൂർച്ഛിക്കാൻ കാരണമായത് ബംഗളൂരുവിൽ വച്ച് ചെയ്ത ഓപ്പറേഷനാണെന്ന് രാഘവൻ പറയുന്നു. രോഗം ഗുരുതരമായിരുന്നെങ്കിലും കീമോയും റേഡിയേഷനും കൊണ്ട് ഭേദമാക്കാൻ സാധിക്കുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. അതിനിടെ ഓപ്പറേഷൻ ചെയ്തതാണ് വിനയായത്. ജിഷ്ണുവിന്റെ രോഗവിവരം അറിഞ്ഞത് മുതൽ ഷോക്കായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഘവന്റെ വാക്കുകളിലേക്ക് 'ഞാൻ ഒരു കാര്യവും ഓർത്ത് വിഷമിക്കാറില്ല. കാരണം നടക്കേണ്ടത് നടക്കും. അത് അത്രയേ ഉള്ളൂ. ജിഷ്ണുവിന്റെ രോഗവിവരം അറിഞ്ഞത് മുതൽ ഒരു ഷോക്കായിരുന്നു. കാലം എല്ലാം മാറ്റുമെന്ന് ഞാൻ പ്രതീക്ഷിച്ചു. അവൻ തന്നെയാണ് കാരണം. ആരുടെയൊക്കെയോ വാക്ക് കേട്ട് അവൻ ബംഗളൂരുവിൽ വച്ച് ഒരു ഓപ്പറേഷൻ ചെയ്തു. ആ ഓപ്പറേഷൻ ചെയ്തതാണ് പറ്റിയത്.

ഓപ്പറേറ്റ് ചെയ്ത് ആ തൊണ്ട മുഴുവൻ മുറിച്ച് കളഞ്ഞ് ആഹാരം മറ്റൊരു രീതിയിൽ കൊടുക്കേണ്ട കാര്യം എന്തായിരുന്നു. അങ്ങനെ ആണെങ്കിൽ മരിച്ചാൽ പോരെ. ഇങ്ങനെയൊരു ജീവിതം എന്തിനാണ്. ഞാനും അവന്റെ അമ്മയും, ഞങ്ങൾ രണ്ട് പേരും ഓപ്പറേഷന് പോകരുതെന്ന് നിർബന്ധിച്ചതാണ്. പക്ഷേ, അവനും ഭാര്യയും പോയി ഓപ്പറേഷൻ ചെയ്തു. അത് അവരുടെ ഇഷ്ടമായിരന്നു. പക്ഷേ, അതോടെ കാര്യം കഴിഞ്ഞു. ഞങ്ങൾ അനുഭവിച്ചു.

റേഡിയേഷനും കീമോയും കൊണ്ട് ഭേദമാക്കാമെന്ന് ഇവിടെ നിന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. ഇക്കാര്യം ലേക്‌ഷോറിലെ ഡോക്ടർമാരും പറഞ്ഞിരുന്നു. എന്നാൽ അത് കേട്ടില്ല. എല്ലാം കളഞ്ഞ് കഴിഞ്ഞാൽ പിന്നെ അത് നമുക്ക് ഉണ്ടാക്കാൻ പറ്റില്ല. അവനെ ഓർക്കത്തക്ക രീതിയിൽ ഞങ്ങൾ വീട്ടിൽ ഒന്നും വച്ചിട്ടില്ല. ഒരു ഫോട്ടോ പോലും വീട്ടിലില്ല. ഞാനും അവന്റെ അമ്മയും അവനെ ഓർക്കാറേ ഇല്ല. നിങ്ങൾ ഇപ്പോൾ ഓർമ്മിപ്പിച്ചപ്പോഴും എനിക്ക് ദുഃഖമൊന്നുമില്ല'