'ആണും പെണ്ണും സമ്മതിച്ചുള്ള ലൈംഗികബന്ധം, നിരാശയിലും വിയോജിപ്പിലും അവസാനിക്കുമ്പോള്‍ സംഭവിക്കുന്നത്...'

Tuesday 25 November 2025 7:45 PM IST

ന്യൂഡല്‍ഹി: ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുമ്പോള്‍ ക്രിമിനല്‍ കേസിലേക്ക് കാര്യങ്ങള്‍ എത്തുന്നതിനെതിരെ സുപ്രീം കോടതി. ഉഭയസമ്മതപ്രകാരമുള്ള ബന്ധം അവസാനിക്കുമ്പോള്‍ അത് പുരുഷനെതിരെ ബലാത്സംഗക്കുറ്റം ചുമത്താനുള്ള കുറ്റമായി കണക്കാക്കാന്‍ കഴിയില്ലെന്നാണ് കോടതി പറഞ്ഞത്. ഒരു അഭിഭാഷകനെതിരെ സമര്‍പ്പിച്ച ബലാത്സംഗക്കേസ് തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.

പരസ്പര ബന്ധം വിയോജിപ്പിലും നിരാശയിലും അവസാനിച്ചെന്ന കാരണത്താല്‍ മുമ്പ് നടന്ന ലൈംഗിക ബന്ധം ബലാത്സംഗമാണെന്ന് കരുതാനാകില്ലെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്‌നയും ആര്‍. മഹാദേവനും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന ആരോപണത്തിന് വ്യക്തമായ തെളിവ് ആവശ്യമാണ്. വിവാഹത്തിലേക്ക് എത്തിയില്ല എന്ന കാരണത്താല്‍ ഉഭയസമ്മത പ്രകാരമുള്ള ബന്ധത്തെ പിന്നീട് ക്രിമിനല്‍ കുറ്റം ചാര്‍ത്താനുമാകില്ല.

പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധവും ബലാത്സംഗവും വ്യത്യസ്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഔറംഗബാദിലെ അഭിഭാഷകന്‍ വിവാഹവാഗ്ദാനം നല്‍കി മൂന്ന് വര്‍ഷത്തോളം താനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നാണ് യുവതിയുടെ പരാതി. ഇതിനിടെ ഒന്നിലധികം തവണ ഗര്‍ഭിണിയായെന്നും അഭിഭാഷകന്റെ സമ്മതത്തോടെ ഗര്‍ഭച്ഛിദ്രം നടത്തിയെന്നും ഹര്‍ജിക്കാരി പറയുന്നു. പിന്നീട് തനിക്ക് വിവാഹംകഴിക്കാന്‍ താത്പര്യം ഇല്ലെന്ന് അഭിഭാഷകന്‍ പറയുകയും ബന്ധത്തില്‍ നിന്ന് പിന്‍മാറുകയും ചെയ്തതോടെയാണ് യുവതി ബലാത്സംഗക്കേസ് നല്‍കിയത്.

എന്നാല്‍ താന്‍ ബലാത്സംഗം ചെയ്തുവെന്ന് മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍പ്പോലും യുവതി ആരോപിച്ചിട്ടില്ലെന്നും തന്നോട് ആവശ്യപ്പെട്ട ഒന്നര ലക്ഷം രൂപ നല്‍കാന്‍ തയ്യാറാകാതെ വ്ന്നപ്പോഴാണ് യുവതി പരാതിയുമായി രംഗത്ത് വന്നതെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.