ബോളിവുഡ് ഗായകന്റെ മരണം അപകടമല്ല കൊലപാതകം തന്നെ, സഭയെ അറിയിച്ച് മുഖ്യമന്ത്രി
ദിസ്‌പൂർ: പ്രശസ്‌ത ഗായകൻ സുബീൻ ഗാർഗിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് അസം സർക്കാർ. ഇക്കാര്യം നിയമസഭയെ മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ അറിയിച്ചു. യുവാക്കളടക്കം ഏറെ ആരാധകരുള്ള അസമീസ് ഗായകനായ സുബീൻ (52) സെപ്‌തംബർ 19ന് സിംഗപ്പൂരിൽ നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പാടാനെത്തിയ സമയത്താണ് മരിച്ചത്. സ്‌കൂബ ഡൈവിംഗിനിടെ പരിക്കേറ്റതിന് ശേഷം അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
'പ്രാഥമിക അന്വേഷണത്തിന് ശേഷം കുറ്റകരമായ നരഹത്യയല്ല, കൃത്യമായൊരു കൊലപാതകമാണെന്ന് അസം പൊലീസിന് ഉറപ്പായിരുന്നു.' പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയവെ മുഖ്യമന്ത്രി പറഞ്ഞു. 'ഒരാൾ ഗാർഗിനെ കൊലപ്പെടുത്തി മറ്റുള്ളവർ അയാളെ സഹായിച്ചു. കൊലക്കേസിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്‌തു.' ഹിമന്ദ ബിശ്വ ശർമ്മ അറിയിച്ചു.
അസം പൊലീസിലെ ക്രിമിനൽ ഇൻവസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിലെ പ്രത്യേക പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്. ഹൈക്കോടതി സിറ്റിംഗ് ജഡ്‌ജി സൗമിത്ര സൈക്കിയയുടെ മേൽനോട്ടത്തിലെ അന്വേഷണവും സർക്കാർ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്താകമാനം 60ഓളം കേസുകൾ രജിസ്റ്റർ ചെയ്‌തിരുന്നു. ദിവസങ്ങൾക്കകം എൻഇഐഎഫ് സംഘാടകൻ ശ്യാംകനു മഹന്ദ, ഗായകന്റെ മാനേജർ സിദ്ധാർത്ഥ് ശർമ്മ, സുബീന്റെ ബാൻഡ് അംഗങ്ങളായ ശേഖർ ജ്യോതി ഗോസ്വാമി, അമ്രിത് പ്രഭാ മഹന്ദ എന്നിവരും സുബീന്റെ ബന്ധുവും പൊലീസ് ഓഫീസറുമായ സന്ദീപൻ ഗാർഗ് എന്നിവർ അറസ്റ്റിലായി. ഇതിനുപുറമേ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരായ നന്ദേശ്വർ ബോറ, പ്രബിൻ ബൈശ്യ എന്നിവരും പിടിയിലായിരുന്നു. ഇവരുടെ അക്കൗണ്ടിൽ 1.1 കോടി രൂപയുടെ പണമിടപാട് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണിത്. ഇവരെല്ലാം ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം ജുഡിഷ്യൽ കസ്റ്റഡിയിലാണ് നിലവിൽ.