സാഗര ഗർജനം..!
തിരുവനന്തപുരത്തെ കടലിലും ആകാശത്തും നാവികസേനയുടെ ശക്തിപ്രകടനത്തിന് ലോകം സാക്ഷിയാവാനൊരുങ്ങുകയാണ്. പേരുകേൾക്കുമ്പോൾ തന്നെ പാകിസ്ഥാന്റെ ഉറക്കം നഷ്ടപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പുകഴ്‌ത്തിയ ഐ.എൻ.എസ് വിക്രാന്ത് വിമാനവാഹിനിക്കപ്പൽ അടക്കം പടക്കപ്പലുകളും യുദ്ധവിമാനങ്ങളും അന്തർവാഹിനികളും മിസൈലുകളും കോപ്ടറുകളും തിരുവനന്തപുരത്തേക്ക് എത്തുകയാണ്. ചരിത്രത്തിലാദ്യമായി നാവികസേനാ ദിനാഘോഷം ശംഖുംമുഖത്ത് ഡിസംബർ മൂന്നിന് നടക്കും. രാഷ്ട്രപതി ദ്രൗപതി മുർമ്മുവാണ് മുഖ്യാതിഥി. മാസ്‌മരിക പ്രകടനത്തിലൂടെ നാവികസേന തങ്ങളുടെ പോരാട്ടവീര്യവും ശേഷിയും പ്രകടിപ്പിക്കും. ഒമ്പത് തീരദേശ സംസ്ഥാനങ്ങളിൽ മാറിമാറിയാണ് നാവിക ദിനാഘോഷം നടത്തുന്നത്. 2023ൽ മഹാരാഷ്ട്രയിലെ സിന്ധുദുർഗ്ഗിലും 2024ൽ ഒഡിഷയിലുമായിരുന്നു നാവികദിനാഘോഷം.
1971ൽ ബംഗ്ലാദേശ് വിമോചനയുദ്ധത്തിന്റെ ഭാഗമായി പാകിസ്ഥാനിലെ കറാച്ചി തുറമുഖം ആക്രമിച്ച് നേടിയ ഐതിഹാസിക വിജയമാണ് നാവികസേനാ ദിനമായി ആഘോഷിക്കുന്നത്. ഓപ്പറേഷൻ ട്രൈഡന്റിന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ മിസൈൽ ബോട്ടുകൾ കറാച്ചി തുറമുഖത്ത് ധീരമായ ആക്രമണം നടത്തി. ഇന്ത്യയുടെ ഐഎൻഎസ് വിക്രാന്തിനെ നശിപ്പിക്കാൻ അവസരം കാത്തിരുന്ന പാകിസ്ഥാന്റെ പിഎൻഎസ് ഖാസി എന്ന അന്തർവാഹിനിയെ ഇന്ത്യൻ നാവികസേന വളഞ്ഞിട്ട് ആക്രമിച്ച് തകർത്തു. ഇന്ത്യയുടെ സമുദ്രശക്തി ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ചു. നാവികസേനയുടെ ശക്തിയും കൃത്യതയും ധൈര്യവും തന്ത്രപരമായ വൈഭവവും അന്ന് ലോകം കണ്ടു. രാജ്യത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ നാവികസേനയുടെ ഈ നേട്ടത്തെയും സേവനത്തെയും ആദരിക്കുന്നതിനാണ് നാവികസേനാ ദിനമാഘോഷിക്കുന്നത്.
ഇന്ത്യൻ മഹാസമുദ്രമെന്നത് ഇന്ത്യയുടേതാണ് (ഇന്ത്യൻ ഓഷ്യൻ ഈസ് ഇന്ത്യാസ് ഓഷ്യൻ) എന്നാണ് നാവികസേന പറയുന്നത്. തെക്കൻ അറബിക്കടൽ മാത്രമല്ല ഇന്ത്യൻ സമുദ്രം. ഇന്ത്യൻ മഹാസമുദ്രം നമ്മുടേതാണെന്നും ഇതൊരു തന്ത്രപരമായ മേഖലയാണെന്നും തിരിച്ചറിഞ്ഞാണ് നാവിക ദിനാഘോഷം തിരുവനന്തപുരത്ത് നടത്തുന്നത്. ആഘോഷത്തിനായി ശംഖുംമുഖത്ത് 700പേർക്കിരിക്കാവുന്ന വി.ഐ.പി ഗ്യാലറിയും പതിനായിരം പേർക്ക് ഇരിപ്പിട സൗകര്യവും സജ്ജമാക്കുന്നുണ്ട്. രണ്ടുലക്ഷം പേർക്ക് സേനയുടെ അഭ്യാസപ്രകടനങ്ങൾ കാണാം. വിദേശ രാജ്യങ്ങളുടെ ഡിഫൻസ് അറ്റാഷെമാരും തിരുവനന്തപുരത്തെത്തും. തീരത്തോട് അടുത്ത് ആഴം കുറഞ്ഞ ശംഖുംമുഖം തീരത്ത് കപ്പലുകൾ അടുപ്പിക്കാനാവും. നല്ല കാലാവസ്ഥയായതിനാൽ അഭ്യാസപ്രകടനങ്ങൾ ജനങ്ങൾക്ക് വ്യക്തമായി കാണാനാവും. ശംഖുംമുഖത്തെ 370മീറ്റർ തീരം സേനയ്ക്കായി 14കോടി ചെലവിട്ട് കൃത്രിമമായി നിർമ്മിച്ചു. കടലിലെയും ആകാശത്തെയും അഭ്യാസപ്രകടനങ്ങൾ ഇവിടത്തെ പവിലയനുകളിലിരുന്നാവും വി.ഐ.പികളടക്കം കാണുക.
സേനയുടെ ആയുധക്കരുത്തിന്റെയും പ്രതിരോധശേഷിയുടെയും കാഴ്ചവിരുന്നൊരുക്കുന്ന അഭ്യാസപ്രകടനങ്ങൾക്ക് ശംഖുമുഖം വേദിയാവും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നാവികസേനയുടെ പടക്കപ്പലുകളും അന്തർവാഹിനികളും യുദ്ധവിമാനങ്ങളും മറ്റു സന്നാഹങ്ങളും തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്. സേനാ വിമാനങ്ങളുടെ പരിശീലനപ്പറക്കലും തലസ്ഥാനത്തുണ്ടാവും.
ഐതിഹാസിക വിജയത്തിന്റെ ഓർമ്മയ്ക്ക്
1971ലെ യുദ്ധത്തിൽ പാകിസ്ഥാനിലെ കറാച്ചി തുറമുഖത്ത് നാവികസേന നടത്തിയ 'ഓപ്പറേഷൻ ട്രൈഡന്റ് ' വിജയത്തിന്റെ സ്മരണയ്ക്കാണ് എല്ലാവർഷവും ഡിസംബർ നാലിന് നാവികദിനാഘോഷം നടത്തുന്നത്. ഇന്ത്യാ- റഷ്യ വാർഷിക ഉച്ചകോടിക്കായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ നാലിന് ഡൽഹിയിലെത്തുന്നതിനാലാണ് ദിനാഘോഷം ഒരുദിവസം നേരത്തേയാക്കിയത്. 1971ലെ യുദ്ധത്തിൽ കറാച്ചി തുറമുഖത്ത് നാശം വിതച്ചത് നാവികസേനയയുടെ കില്ലർ സ്‌ക്വാഡ്രണായിരുന്നു. മൂന്ന് പാക് പടക്കപ്പലുകൾ ആക്രമിച്ച് മുക്കുകയും ഒരെണ്ണത്തിന് കേടുപാട് വരുത്തുകയും ചെയ്തു. കറാച്ചി തുറമുഖത്തെ ഇന്ധനടാങ്കുകൾ തകർത്തു. രണ്ടാംഘട്ട ആക്രമണത്തിൽ രണ്ട് പാക് കപ്പലുകൾ പൂർണമായും ഒരെണ്ണം ഭാഗികമായും തകർത്തു. ആക്രമണത്തിൽ എഴുനൂറോളം പാക് സൈനികർ കൊല്ലപ്പെട്ടു. യുദ്ധത്തിൽ പാകിസ്ഥാന്റെ തോൽവി ഉറപ്പാക്കിയ ശേഷമാണ് നാവികസേന കറാച്ചി തീരത്തുനിന്ന് തിരികെ വന്നത്.
ഇന്ത്യയുടെ നാവികദൗത്യങ്ങളിൽ ഏറ്റവും തിളക്കമുള്ളതാണ് 'ഓപ്പറേഷൻ ട്രൈഡന്റ് '. പാകിസ്ഥാൻ സൈന്യത്തിനായുള്ള ആയുധങ്ങളും പടക്കോപ്പുകളും വഹിക്കുന്ന കപ്പലുകളാണ് നാവികസേന ആക്രമിച്ച് തകർത്തത്. മിസൈലുകൾ പായിച്ച് ഇന്ധനടാങ്കുകൾ കത്തിച്ചതോടെ തുറമുഖം കത്തിയെരിഞ്ഞു. പാകിസ്ഥാൻ നാവികസേനയുടെ ഖൈബർ, ഷാജഹാൻ, വീനസ് ചലഞ്ചർ കപ്പലുകളെല്ലാം ആക്രമിച്ച് തകർത്തു. നാവികസേനയുടെ ഐ.എൻ.എസ് നിർഘത്, നിപത്, വീർ എന്നീ മിസൈൽ ബോട്ടുകളുപയോഗിച്ചായിരുന്നു കറാച്ചി തുറമുഖം ആക്രമിച്ച് പാക് പടക്കപ്പലുകൾ തകർത്തത്.