31 വർഷത്തിനുശേഷം ഭരത് ചന്ദ്രൻ ജനുവരിയിൽ

Wednesday 26 November 2025 6:27 AM IST

ഭരത്ചന്ദ്രൻ ഐ..പി.എസ് എന്ന കഥാപാത്രമായി സുരേഷ് ഗോപി നിറഞ്ഞാടിയ കമ്മീഷണർ ജനുവരിയിൽ റീ റിലീസ് ചെയ്യും. മുപ്പത്തിയൊന്നു വർഷങ്ങൾക്കു മുമ്പ് രൺജി പണിക്കരുടെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത കമ്മീഷണർ സുരേഷ് ഗോപി എന്ന നടനെ സൂപ്പർ താര പദവിയിലേക്ക് നയിച്ച കഥാപാത്രം കൂടിയായിരുന്നു . നൂതന സാങ്കേതിക മികവിൽ ഫോർ കെ അറ്റ്മോസിൽ റീ മാസ്റ്റർ ചെയ്ത പതിപ്പാണ് എത്തുന്നത്. കേരളത്തിൽ വൻ വിജയം നേടിയ ചിത്രം തമിഴിലും, തെലുങ്കിലും മൊഴിമാറ്റത്തിലൂടെയും വലിയ നേട്ടം കൊയ്തു. രതീഷ്, ശോഭന, രാജൻ. പി.ദേവ്, വിജയ രാഘവൻ, ബൈജു സന്തോഷ്,ഗണേഷ് കുമാർ തുടങ്ങിയവരാണ് മറ്ര് പ്രമുഖ താരങ്ങൾ . സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. മണിയാണ് നിർമ്മിച്ചത്. പി.ആർ. ഒ വാഴൂർ ജോസ്.