വർക്ക് നടക്കെട്ട, മറയൂരിൽ മോഹനനുമുണ്ടല്ലോ, സ്നീക്ക് പീക്ക് വീഡിയോയുമായി പൃഥ്വി
ജയൻ നമ്പ്യാർ സംവിധാനം ചെയ്ത 'വിലായത്ത് ബുദ്ധ'യ്ക്ക് എതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങൾക്ക് എതിരെ സ്നീക്ക് പീക്ക് വീഡിയോ പങ്കുവച്ച് മറുപടി നൽകി പൃഥ്വിരാജ്. 'വർക്ക് നടക്കട്ടെ' എന്ന് ചിത്രത്തിൽ പൃഥ്വിയുടെ നായക കഥാപാത്രമായ ഡബിൾ മോഹനൻ പറയുന്നൊരു ഡയലോഗാണ് വീഡിയോയിലെ ഹൈലൈറ്റ്. ''മറയൂരിൽ ചന്ദനം ഇനിയുമുണ്ടല്ലോ, മറയൂരിൽ മോഹനനുമുണ്ടല്ലോ'' എന്ന മാസ് ഡയലോഗും സ്നീക്ക് പീക്കിലുണ്ട്. സിനിമയെ ലക്ഷ്യമിട്ട് മതപരവും രാഷ്ട്രീയപരവുമായ വിദ്വേഷ പ്രചാരണങ്ങൾ നടത്തിയ യൂട്യൂബ് ചാനലിനെതിരെ സൈബർ സെല്ലിൽ നിർമ്മാതാവ് സന്ദീപ് സേനൻ പരാതി നൽകിയിട്ടുണ്ട് . 'ഫസ്റ്റ് റിപ്പോർട്ട് ഓൺലൈൻ' എന്ന യൂട്യൂബ് ചാനലിനെതിരെയാണ് പരാതി. ജി.ആർ. ഇന്ദുഗോപന്റെ പ്രശസ്ത നോവലിനെ ആസ്പദമാക്കി ഒരുക്കിയ 'വിലായത്ത് ബുദ്ധയിൽ ഷമ്മി തിലകൻ, രാജശ്രീ നായർ, പ്രിയംവദ കൃഷ്ണൻ, അനു മോഹൻ, ടി.ജെ. അരുണാചലം തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് തിരക്കഥ. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'സത്യം പറഞ്ഞാ വിശ്വസിക്കുവോ', 'സൗദി വെള്ളക്ക' തുടങ്ങി ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ, എവിഎ പ്രൊഡക്ഷൻസിനുവേണ്ടി എ.വി അനൂപുമായി ചേർന്നാണ് നിർമ്മാണം.