നാം നമ്മെ നയിച്ച എഴുപത്തിയാറ് വർഷങ്ങൾ: ഭാരത ഭാഗധേയ വിധാതാ

Wednesday 26 November 2025 2:49 AM IST

ഇന്ത്യ, ഭരണഘടന വിഭാവനം ചെയ്യുന്ന ഒരു രാജ്യമായി പരിണമിച്ചിട്ട് 76 വർഷം. 1789-നു ശേഷമുള്ള ഇരുനൂറിലധികം ഭരണഘടനകൾ പഠനവിധേയമാക്കിയതിനു ശേഷം,​ ഒരു ഭരണഘടനയുടെ ശരാശരി കാലദൈർഘ്യം പതിനേഴ് വർഷമെന്നാണ് ഭരണഘടനകളുടെ താരതമ്യ പഠന വിദഗ്ദ്ധനും ഷിക്കാഗോ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറുമായ ടോംസ് ഗിൻസ്ബർഗ് അഭിപ്രായപ്പെട്ടത്. ലോകരാജ്യങ്ങളിൽ,​ ഏറ്റവും കൂടുതൽ കാലമായി നിലനിൽക്കുന്ന ഭരണഘടനകളിൽ ഒന്നാം സ്ഥാനം അമേരിക്കയുടെ ഭരണഘടനയ്ക്കും,​ രണ്ടാം സ്ഥാനം ഇന്ത്യൻ ഭരണഘടനയ്ക്കുമാണ്.

ഭരണഘടനാ നിർമ്മാണത്തിനായി ഭരണഘടനാ അസംബ്ലി ചെലവഴിച്ചത് രണ്ടുവർഷവും 11 മാസവും 17 ദിവസവുമാണ്. ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം 1946 ഡിസംബർ ഒമ്പതിനും,​ അവസാന സമ്മേളനം 1950 ജനുവരി 26-നുമായിരുന്നു. 165 ദിവസമാണ് ഭരണഘടനാ നിർമ്മാണസഭ സമ്മേളിച്ചത്. കരട് ഭരണഘടന ചർച്ചയ്ക്ക് ചെലവിട്ടത് 114 ദിവസം. ആകെ 7635 ഭേദഗതികൾ നിർദ്ദേശിക്കുകയും,​ അതിൽ 2473 ഭേദഗതികൾ പരിഗണിക്കുകയും ചെയ്തു. നിർദ്ദേശിക്കപ്പെട്ട ഭേദഗതികളുടെ അടിസ്ഥാനത്തിൽ ചർച്ചകൾക്കും, സംവാദങ്ങൾക്കും ശേഷമാണ് ഭരണഘടനാ നിർമ്മാണ സഭ 1949 നവംബർ 26-ന് ഭരണഘടനയ്ക്ക് ഔദ്യോഗിക അംഗീകാരം നല്കിയത്.

ഗാന്ധിവധവും ഇന്ത്യാ വിഭജനവും വർഗീയ കലാപങ്ങളും ഉൾപ്പെടെ രാജ്യം കലുഷമായ രാഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങളിലൂടെ കടന്നുപോയ കാലഘട്ടത്തിലായിരുന്നു ഭരണഘടനയുടെ നിർമ്മാണ പ്രക്രിയ. വ്യത്യസ്ത ഭൂവിഭാഗങ്ങളിലായി നാനാതരം ആചാരങ്ങളിൽ വിശ്വസിച്ചും, രണ്ടു ശതാബ്ദക്കാലം വൈദേശിക ഭരണത്തിന് വിധേയമായും ജീവിച്ച ഒരു ജനതയുടെ വരുംകാല രാഷ്ട്രീയ സാമൂഹിക ജീവിതത്തെ അടിമുടി ജനായത്ത മൂല്യങ്ങളിൽ ഉറപ്പിച്ചു നിറുത്തുന്നതിനായിരുന്നു ഭരണഘടനാ നിർമ്മാണ പ്രക്രിയയിൽ കൂടുതൽ ഊന്നൽ നല്കിയത്. ഭരണഘടനാ നിർമ്മാണ സഭയിൽ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രതിനിധികൾ ഉൾപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ, എല്ലാ വിഭാഗങ്ങളുടെയും ആശങ്കകൾ ദുരീകരിച്ചും, ആവശ്യങ്ങളെ പരമാവധി പരിഗണിച്ചുമാണ് ഭരണഘടനാ നിർമ്മാണം സാദ്ധ്യമാക്കിയിട്ടുള്ളത്.

'നമ്മൾ ഇന്ത്യയിലെ ജനങ്ങൾ" എന്ന വാക്യത്തോടെയാണ് ഭരണഘടന ആരംഭിക്കുന്നത്. ഭരണഘടന എങ്ങനെ ആരംഭിക്കണം എന്നതിനെക്കുറിച്ച് വിപുലവും ഗൗരവമുള്ളതുമായ ചർച്ചകൾക്ക് ഭരണഘടനാ നിർമ്മാണ സഭ സാക്ഷ്യം വഹിച്ചു. 1949 ഒക്ടോബർ 17-നാണ് സഭ ഈ വിഷയം ചർച്ചയ്‌ക്കെടുത്തത്. ഭരണഘടനയുടെ ആദ്യവാക്യമായി മറ്റു പലതും നിർദ്ദേശിക്കപ്പെട്ടെങ്കിലും,​ ഭരണഘടന നിർമ്മാണ സഭയിൽ അംഗമായിരുന്ന എച്ച്.വി. കാമത്തിന്റെ അഭിപ്രായം വിശദമായി ചർച്ച ചെയ്യപ്പെട്ടു. 'ദൈവനാമത്തിൽ,​ നമ്മൾ ഇന്ത്യയിലെ ജനങ്ങൾ" എന്നതാണ് അദ്ദേഹം നിർദ്ദേശിച്ച ആദ്യവാക്യം. പലരും ഈ നിർദ്ദേശത്തെ എതിർത്തു. ഒടുവിൽ അതിനായി വോട്ടടുപ്പ് നടന്നു. ഹാജരായിരുന്ന

169 അംഗങ്ങളിൽ 41 പേർ ഈ നിർദ്ദേശത്തെ അനുകൂലിക്കുകയും 68 പേർ വിയോജിക്കുകയും ചെയ്തു. അന്തിമമായി. 'നമ്മൾ ഇന്ത്യയിലെ ജനങ്ങൾ" എന്ന വാക്യത്തിൽ ഭരണഘടന ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു.

രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തെയും വൈജാത്യങ്ങളെയും ഉൾക്കൊള്ളുന്നതും,​ ചരിത്രപരവും വിശ്വാസപരവുമായ ജഡിലതകളെ മറികടക്കുന്നതിലൂടെ ഭാവി ഇന്ത്യയുടെ സ്വപ്നങ്ങൾ സഫലീകരിക്കുന്നതിന് ഉതകുന്നതുമായിരിക്കണം ഭരണഘടന എന്നും,​ ഓരോ ഇന്ത്യക്കാരനും ഈ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് കരുതത്തക്ക തരത്തിലുമാണ് ഭരണഘടനാ നിർമ്മാണ പ്രക്രിയ നടന്നത്. ജവഹർലാൽ നെഹ്റു അവതരിപ്പിച്ച ലക്ഷ്യപ്രമേയത്തിന്റെ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് 1947 ജനുവരി 20-ന്,​ മൈസൂരിൽ നിന്നുള്ള ഭരണഘടനാ അസംബ്ലി അംഗം എസ്. നാഗപ്പ പറഞ്ഞത്,​ 'ഓരോ വ്യക്തിയും ഈ രാജ്യത്തിന്റെ ഭരണാധികാരിയാണെന്ന് അവർ തിരിച്ചറിയണം; അത് അവരെ ബോദ്ധ്യപ്പെടുത്തുകയും വേണം" എന്നാണ്.

സമത്വവും സാഹോദര്യവും അന്യമായിരുന്ന ഇന്ത്യയിലെ ജനങ്ങളിലേക്കാണ് ഭരണഘടനയുടെ ആമുഖത്തിൽ പറയുന്ന സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, നീതി എന്നിവ ഭരണഘടനാ നൈതികത എന്ന നിലയിൽ ഭരണഘടനാ അസംബ്ലി മുമ്പോട്ട് വച്ചത്. 'നമ്മുടെ ജനങ്ങൾ ഭരണഘടനയിൽ ഊന്നിയ പൗരജീവിതം നയിച്ചിട്ടില്ല, ഭരണഘടനാ ധാർമ്മികത എന്നത് സ്വാഭാവികമായി ഉണ്ടാകുന്ന ധാരണയല്ല, അത് ജനങ്ങളിൽ നിർബന്ധമായി പരിപോഷിപ്പിക്കേണ്ടതാണ് "എന്നാണ് ഭരണഘടനാ ശില്പിയായ ഡോ. ബി.ആർ. അംബേദ്കറുടെ നിരീക്ഷണം. രാജ്യത്തിന്റെ ബഹുസ്വരതയെ പൂർണമായും സംരക്ഷിക്കുന്ന തരത്തിലും,​ വ്യക്തികൾക്കുള്ള മാന്യതയും സാഹോദര്യവും ഉറപ്പാക്കുന്നതുമാണ് ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ധാർമ്മികത.

ഭരണഘടനാ ധാർമ്മികതയിൽ വിശ്വസിക്കുകയും അതിന്റെ സത്തയെ സാമൂഹിക,​ രാഷ്ട്രീയ ജീവിതത്തിൽ സ്വാംശീകരിക്കുകയും ചെയ്യുമ്പോഴാണ് നമ്മൾ ഭരണഘടനാ ധാർമ്മികതയ്ക്കനുസരിച്ച് ജീവിക്കുന്ന ഒരു പൗരസമൂഹമായി പരിണമിക്കുന്നത്. ഭരണഘടനയുടെ ആമുഖവും മൗലിക അവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗവും പൂർണമായും ഭരണഘടന ധാർമ്മികതയിൽ അധിഷ്ഠിതമാണ്. സ്വകാര്യത മൗലിക അവകാശമായി പ്രഖ്യാപിച്ച പുട്ടസ്വാമി കേസിൽ ഉൾപ്പെടെ പല വിധിന്യായങ്ങളിലും ഭരണഘടനാ ധാർമ്മികതയെക്കുറിച്ച് സുപ്രീം കോടതി പരാമർശിച്ചിട്ടുണ്ട്. ആചാരങ്ങളും കീഴ്‌വഴക്കങ്ങളും രൂപം നല്കുന്ന സാമൂഹിക ധാർമ്മികതയേക്കാൾ,​ ദൈനംദിന ജീവിതത്തിൽ കൂടുതൽ പ്രാധാന്യം നൽകേണ്ടത് ഭരണഘടനാ ധാർമ്മികതയ്ക്ക് അനുസൃതമായ പൗര ജീവിതത്തിനാണ്.

പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയിലൂന്നിയ ഭരണ വ്യവസ്ഥയാണ് ഭരണഘടന മുന്നോട്ടു വയ്ക്കുന്നതെങ്കിലും പാർലമെന്ററി വ്യവസ്ഥയിൽ ഭരണഘടനാ ഭേദഗതി നടത്തുവാൻ പരിമിതികളുണ്ട്. ഭരണഘടനയുടെ അടിസ്ഥാനഘടനയെ സംബന്ധിച്ച് സുപ്രീം കോടതി ആദ്യം പരാമർശിച്ചത് ഗോലക്‌നാഥ് കേസിലാണ്. എന്നാൽ ഭരണഘടന ഭേദഗതി ചെയ്യാൻ പാർലമെന്റിന് അനിയന്ത്രിതമായ അധികാരമില്ലെന്നും,​ ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് മാറ്റം വരുത്താൻ പാർലമെന്റിന് അധികാരമില്ലെന്നും കേശവാനന്ദ ഭാരതി കേസിൽ സുപ്രീം കോടതി അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കുകയുണ്ടായി.

കേശവാനന്ദ ഭാരതി കേസിനു ശേഷം വിവിധ വിധിന്യായങ്ങളിലായി ഭരണഘടനയുടെ എന്തൊക്കെ സവിശേഷതകളാണ് അടിസ്ഥാനഘടന എന്ന തത്വത്തിൽ വരുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഭരണത്തിലെത്തുന്ന പാർട്ടികളുടെ രാഷ്ട്രീയ നിറത്തിനും ഇച്ഛയ്ക്കും അനുസരിച്ച് മാറ്റാൻ കഴിയാത്തത്ര ശക്തമാണ് ഭരണഘടന എന്ന സന്ദേശമാണ് ഇത് നൽകുന്നത്. ഈ പ്രത്യേകതയാണ് ഒരു ജനതയുടെ ഭാഗധേയം നിർണയിക്കുന്നതിൽ ഭരണഘടനയെ അചഞ്ചലമാക്കി നിറുത്തുന്നത്.

പ്രശസ്ത ഭരണഘടനാ വിദഗ്ദ്ധനും നിയമപണ്ഡിതനുമായ ഐവർ ജെന്നിംഗ്സ് 1951-ൽ മദ്രാസ് സർവകലാശാലയിൽ നടത്തിയ പ്രഭാഷണത്തിൽ ഇന്ത്യൻ ഭരണഘടനയെ വിലയിരുത്തിയത്,​ 'വളരെയധികം ദൈർഘ്യമേറിയതും, വളരെ കർക്കശമായതും മടുപ്പിക്കുന്നതും" എന്നാണ്, അതിനുശേഷം 1960-ൽ സിലോൺ ഭരണഘടന തയ്യാറാക്കാനുള്ള ദൗത്യം വന്നുചേർന്നത് ജെന്നിംഗ്സിലായിരുന്നു. എല്ലാ മുൻകരുതലുകളും സ്വീകരിച്ചെങ്കിലും വെറും അഞ്ചു വർഷം മാത്രമായിരുന്നു ആ ഭരണഘടനയുടെ ആയുർദൈർഘ്യം! എല്ലാ ആശങ്കകളെയും അസ്ഥാനത്താക്കി ഇന്ത്യൻ ഭരണഘടന ഇതാ,​ 76 വർഷങ്ങൾ പിന്നിടുന്നു.

(കേരള ഹൈക്കോടതിയിൽ അഭിഭാഷകനാണ് ലേഖകൻ. ഫോൺ: 88260 82341)​