ധർമ്മേന്ദ്ര വിടവാങ്ങുമ്പോൾ

Wednesday 26 November 2025 4:53 AM IST

ഹിന്ദി സിനിമകളുടെ ഒരു വലിയ കാലഘട്ടത്തിനാണ് ധർമ്മേന്ദ്രയുടെ വിടവാങ്ങലിലൂടെ അന്ത്യമായിരിക്കുന്നത്. പ്രണയചാതുര്യം, ആക്‌ഷൻ രംഗങ്ങളിലെ ചടുലത, ശബ്ദഗാംഭീര്യം, കോമഡി രംഗങ്ങളിലെ മികവ് എന്നിങ്ങനെ അക്കാലത്തെ ഒരു ബോളിവുഡ് നായകനു വേണ്ട എല്ലാ ഘടകങ്ങളും ചേരുംപടി ചേർന്ന നായകനായിരുന്നു ധർമ്മേന്ദ്ര. ഉയരങ്ങൾ കീഴടക്കുന്ന അഭിനയസിദ്ധിയൊന്നും കൈവശമില്ലെങ്കിലും പ്രേക്ഷകരെ മടുപ്പിക്കാതിരിക്കാനും രസിപ്പിക്കാനും അഭിനയിച്ച മുന്നൂറിലേറെ സിനിമകളിൽ ഭൂരിപക്ഷം ചിത്രങ്ങളിലും ധരംസിംഗ് ഡിയോൾ എന്ന ധർമ്മേന്ദ്രയ്ക്ക് കഴിഞ്ഞു. സുമുഖമായ മുഖവും കരുത്തും പുരുഷാകൃതിയുമായി പഞ്ചാബിലെ ഒരു ഗ്രാമത്തിൽ നിന്നു വന്ന യുവാവ് ചെറിയ വേഷങ്ങളിൽ തുടങ്ങി അറുപതുകളുടെ അവസാനത്തോടെ ഹിന്ദി സിനിമയുടെ വാണിജ്യ വിജയത്തിന്റെ അവിഭാജ്യ ഘടകമായി മാറിയത് കഠിനമായ പരിശ്രമത്തിന്റെയും സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം എന്നെന്നും തപം വിടാതെ സൂക്ഷിച്ചതിന്റെയും ഫലമായാണ്.

ധർമ്മേന്ദ്രയെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കി മാറ്റിയത് രമേഷ് സിപ്പി സംവിധാനം ചെയ്ത ഇന്ത്യയിലെ എക്കാലത്തെയും മെഗാ ഹിറ്റുകളിലൊന്നായി മാറിയ 'ഷോലെ"യിലെ വീരു എന്ന കഥാപാത്രമാണ്. 'ഒരിക്കലും പിരിയില്ല നാം" എന്ന പാട്ടും പാടി വന്ന സുഹൃത്തുക്കൾക്ക് വിധിയുടെ നിർദ്ദയമായ ഇടപെടലിനാൽ എന്നെന്നേക്കുമായി പിരിയേണ്ടിവന്ന കഥ കൂടി പറയുന്ന 'ഷോലെ"യിൽ രംഗതീവ്രത ഒട്ടും ചോരാതെയാണ് ധർമ്മേന്ദ്ര അഭിനയിച്ചത്. 'ഷോലെ"യുടെ ചിത്രീകരണത്തിനിടെയാണ് ഹേമമാലിനിയുമായുള്ള ജീവിതപ്രണയം തീവ്രമായതും പിന്നീട് അത് ധർമ്മേന്ദ്രയുടെ രണ്ടാം വിവാഹത്തിൽ കലാശിച്ചതും. 'ഷോലെ"യിൽ തന്റെ സുഹൃത്തിന്റെ വേഷം ചെയ്യാൻ അമിതാഭ് ബച്ചനെ നിർദ്ദേശിച്ചതും ധർമ്മേന്ദ്രയായിരുന്നു. പിന്നീട് അമിതാഭ് ബച്ചൻ സിനിമയിൽ തന്നേക്കാൾ വളർന്നപ്പോഴും ആ സ്നേഹബന്ധത്തിൽ വിള്ളലുകൾ വീഴാതെ ആ സൗഹൃദം അവസാനം വരെ നീളുന്നതിലും ധർമ്മേന്ദ്ര പുലർത്തിയ കരുതൽ വളരെ വലുതായിരുന്നു.

ഹിന്ദി സിനിമയിലെ തന്റെ ത്രസിപ്പിക്കുന്ന സാന്നിദ്ധ്യവും പാരമ്പര്യവും മക്കളായ സണ്ണി ഡിയോളിലൂടെയും ബോബി ഡിയോളിലൂടെയും തുടരുന്നതിന് സാക്ഷ്യം വഹിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. രണ്ട് മക്കളോടൊപ്പം അദ്ദേഹം അഭിനയിക്കുകയും ചെയ്തു. സിനിമാഭിനയം മാത്രമല്ല,​ നിർമ്മാണം, രാഷ്ട്രീയം തുടങ്ങിയ മേഖലകളിലും അദ്ദേഹം പ്രവർത്തിച്ചു. 2004 മുതൽ 2009 വരെ രാജസ്ഥാനിലെ ബിക്കാനീറിനെ ബി.ജെ.പി ടിക്കറ്റിൽ പ്രതിനിധാനം ചെയ്ത് ലോക്‌സഭാ എം.പിയായി. 2012-ൽ രാജ്യം ധർമ്മേന്ദ്രയെ പദ്‌മഭൂഷൺ നൽകി ആദരിച്ചു. നവതി തികയുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പാണ് അദ്ദേഹം വിടവാങ്ങിയത്. ജീവിതത്തിൽ സത്യസന്ധതയ്ക്കും ആത്മാർത്ഥതയ്ക്കും വലിയ സ്ഥാനം നൽകിയിരുന്ന ധർമ്മേന്ദ്ര, പരപ്രേരണകൾക്ക് വശംവദനായി ചില ചിത്രങ്ങൾ സ്വീകരിക്കാതിരുന്നതും മറ്റു ചിലത് സ്വീകരിച്ചതും കരിയർ ഗ്രാഫിനെ തകിടം മറിക്കാൻ തന്നെ ഇടയാക്കിയിരുന്നു.

ലക്ഷക്കണക്കിന് ആരാധകർ വാഴ്‌ത്തിയ നടനായി മാറിയപ്പോഴും വിനയവും എളിമയും എന്നും കാത്തുസൂക്ഷിക്കാൻ ധർമ്മേന്ദ്ര ശ്രദ്ധിച്ചിരുന്നത് പുതിയ കാലത്തെ നടന്മാരും ഒരു പാഠമായി ഉൾക്കൊള്ളേണ്ടതാണ്. സിനിമയ്ക്കു പുറത്തും ധർമ്മേന്ദ്രയെ ചുറ്റിപ്പറ്റിയുള്ള ഏതൊരു വാർത്തയും ഒരുകാലത്ത് വൻ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പ്രകാശ് കൗറുമായുള്ള ജീവിതം വേർപെടുത്താതെ ഹേമമാലിനിയെ സ്വീകരിച്ച കാലത്ത് അദ്ദേഹം നേരിട്ട വിമർശനങ്ങൾ ചെറുതല്ലായിരുന്നു. ഹേമമാലിനിയുമായുള്ള ബന്ധം അധികനാൾ നീണ്ടുനിൽക്കില്ല എന്നു പ്രവചിച്ച സിനിമാ ജ്യോത്സ്യന്മാരുടെ കാലശേഷവും ആ ബന്ധം ഉറപ്പോടെ തുടരുകയാണുണ്ടായത്. വ്യക്തിജീവിതത്തിലെ തീരുമാനങ്ങൾ സ്വന്തം ഇഷ്ടപ്രകാരമാകണമെന്നും അതിൽ സമൂഹം അനാവശ്യമായി ഇടപെടുന്നതിനെ മാനിക്കേണ്ടതില്ലെന്നും ജീവിതത്തിലൂടെ തെളിയിച്ച നടൻ കൂടിയായിരുന്നു ധർമ്മേന്ദ്ര.