ആധാർ കാർഡിലെ പുതിയ മാറ്റങ്ങൾ
നിരവധി തടസങ്ങൾക്കു ശേഷമാണ് ഇന്ത്യയിൽ ആധാർ കാർഡ് പ്രാബല്യത്തിലായത്. ആധാർ കാർഡ് ഏർപ്പെടുത്തുന്നതിനെ ചോദ്യം ചെയ്‌ത്, വിരമിച്ച ന്യായാധിപർ പോലും സുപ്രീംകോടതി വരെ കേസ് നടത്തിയിരുന്നു. അതിനു മുമ്പ് ഫോട്ടോ പതിച്ച ഒരു കാർഡ് ആദ്യമായി നിലവിൽ വന്നത് മുൻ ഇലക്‌ഷൻ കമ്മിഷണർ ടി.എൻ. ശേഷന്റെ നിർബന്ധത്താലായിരുന്നു. വികസിത വിദേശ രാജ്യങ്ങളിൽ സോഷ്യൽ സെക്യൂരിറ്റി കാർഡ് വെറും തിരിച്ചറിയൽ കാർഡ് മാത്രമല്ല, ആ വ്യക്തിയുടെ ജീവിതത്തിന്റെ ഉത്തരവാദിത്വത്തിൽ സർക്കാരിന്റെ പങ്കും ചുമതലയും വ്യക്തമാക്കുന്ന കാർഡ് കൂടിയാണ്. ഇന്ന് ഇന്ത്യയിൽ ആധാർ കാർഡ് ഇല്ലാത്തവർ ഏതാണ്ട് ഇല്ല എന്നുതന്നെ പറയാം. മഹാരാഷ്ട്രയിലെ ഒരു വീട്ടമ്മയായ യുവതിക്കാണ് ഇന്ത്യയിൽ ആദ്യമായി ആധാർ കാർഡ് നൽകിയത്.
ആദ്യ കാലത്ത് ആധാർ കാർഡിൽ നിരവധി തെറ്റുകൾ കടന്നുകൂടിയിരുന്നു. ഇത് വ്യാപകമായ വിമർശനത്തിന് ഇടയാക്കുകയും ആധാർ കാർഡിന് എതിരെയുള്ള നീക്കത്തിന് ആക്കം കൂട്ടുകയും ചെയ്തിരുന്നു. വിവിധ രാഷ്ട്രീയ കക്ഷികളുടെ അതിശക്തമായ എതിർപ്പിനെ അതിജീവിച്ചാണ് ആധാർ നടപ്പിലാക്കിയത്. ഇന്നിപ്പോൾ ആധാർ ഇല്ലെങ്കിൽ ഒരു സേവനവും ലഭിക്കില്ല എന്ന സ്ഥിതിയായിട്ടുണ്ട്. ഹോട്ടലിൽ മുറി ലഭിക്കുന്നതിനു പോലും ആധാർ ഇന്ന് അടിസ്ഥാന രേഖയായി ആവശ്യപ്പെടുന്നു. സർക്കാരിന്റെ സേവനങ്ങൾ ലഭിക്കുന്നതിന് ആധാർ നിർബന്ധമാക്കാൻ പാടില്ലെന്ന് ഉന്നത കോടതിയുടെ വിധിയുണ്ടെങ്കിലും അതൊന്നും കണക്കാക്കാതെ ജനങ്ങളിൽ ഏതാണ്ട് നൂറ് ശതമാനവും ആധാർ തന്നെയാണ് അടിസ്ഥാന രേഖയായി ഇന്ന് ഉപയോഗിക്കുന്നത്. ആധാറിലെ തെറ്റുകൾ പോലും വെബ് സൈറ്റിൽ കയറി സത്യവാങ്‌മൂലം നൽകി സ്വയം തിരുത്തുവാൻ ഇന്ന് സാധിക്കുന്നു.
ഡിജിറ്റൽ സാങ്കേതികവിദ്യയിൽ വന്ന കുതിച്ചുചാട്ടം ഗുണങ്ങൾ എന്ന പോലെ നിരവധി ദോഷങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. അതിലൊന്നാണ് വ്യാജ ആധാർ കാർഡുകളുടെ വ്യാപനം. ഒരു വ്യക്തിയുടെ ആധാർ കാർഡിലെ വിവരങ്ങൾ ചോർത്തി തട്ടിപ്പുകൾ നടത്തുന്നതും വ്യാപകമാണ്. ആധാർ കാർഡിന്റെ ആവിർഭാവ കാലത്ത് ആരും ചിന്തിക്കാതിരുന്ന ഒരു വസ്തുതയായിരുന്നു ഇത്. വ്യക്തിവിവരങ്ങളുടെ പ്രാധാന്യവും സ്വകാര്യതയും വെല്ലുവിളികൾ നേരിടുന്ന ഇക്കാലത്ത് ആധാറിലെ വിവരങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്. അതിന്റെ ഭാഗമായി ആധാർ കാർഡിൽ ഫോട്ടോയും ക്യു.ആർ കോഡും മാത്രം പതിച്ച് പരിഷ്‌കരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം പുതിയ കാലത്തിന് അനുയോജ്യമായതും അതിനാൽത്തന്നെ സ്വാഗതാർഹവുമാണ്. വ്യക്തിഗത വിവരങ്ങളും 12 അക്ക ആധാർ നമ്പറും ആവശ്യക്കാർക്കു മാത്രം കാണാവുന്ന തരത്തിൽ ക്യു.ആർ കോഡിൽ സുരക്ഷിതമാക്കും.
ഡിസംബർ ഒന്നുമുതൽ പുതിയ കാർഡിനുള്ള നടപടിക്ക് യുണീക് ഐഡന്റിഫിക്കേഷൻ അതോറിട്ടി ഒഫ് ഇന്ത്യ തുടക്കം കുറിക്കും. സമ്പൂർണമായി പുതിയ സംവിധാനം നിലവിൽ വരുന്നതുവരെ പഴയ കാർഡ് ഉപയോഗിക്കാമെന്നതിനാൽ ഇക്കാര്യത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്നിരുന്നാലും ഇതുസംബന്ധിച്ച ബോധവത്‌കരണം സർക്കാർ പ്രചാരണത്തിന്റെ ഭാഗമാക്കേണ്ടതാണ്. ഇല്ലെങ്കിൽ ഈ മാറ്റം സംബന്ധിച്ച് ജനങ്ങൾക്കിടയിൽ സംശയങ്ങളും ഭീതിയും സൃഷ്ടിക്കുന്ന നിരവധി വ്യാജ പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിലൂടെയും മറ്റും നടക്കാൻ സാദ്ധ്യതയില്ലെന്ന് പറയാനാകില്ല. മറ്റാർക്കും സ്‌ക്രീൻഷോട്ട് എടുക്കാനോ പ്രിന്റ് ചെയ്യാനോ കഴിയില്ല എന്നതാണ് പുതിയ ആധാർ കാർഡിന്റെ ഏറ്റവും വലിയ സുരക്ഷാ പ്രത്യേകത. പുതിയ കാലത്തെ ആധാറിലെ ഈ മാറ്റങ്ങൾ ഉൾക്കൊണ്ട് സഹകരിക്കാൻ ജനങ്ങളും തയ്യാറാകണം.