തോട്ടുമുക്ക്-മേമല-മാങ്കാല റോഡ് പുനർനിർമ്മാണം ആരംഭിച്ചു അനുവദിച്ച തുക 2 കോടി

Wednesday 26 November 2025 1:01 AM IST

വിതുര: തോട്ടുമുക്ക്-പടിപ്പോട്ടുപാറ- മേമല- മാങ്കാല റോഡിന് ശാപമോക്ഷമാകുന്നു. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സൈഡ് വാൾനിർമ്മാണം ആരംഭിച്ചു. പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ നിന്നും തോട്ടുമുക്ക് ജംഗ്ഷനിൽ നിന്നും മേമല-മാങ്കാല ഭാഗത്തേക്ക് പോകുന്ന റോഡ് വർഷങ്ങളായി തകർന്ന് കിടക്കുകയാണ്. മഴയത്ത് റോഡ് വെള്ളത്തിൽ മുങ്ങും. പുറംപോക്ക് കൈയേറ്റം വ്യാപകമായതിനാൽ റോഡിന്റെ വീതിയും ഗണ്യമായി കുറഞ്ഞിരുന്നു. മാത്രമല്ല വാഹനങ്ങൾക്ക് സൈഡ് നൽകുമ്പോൾ അപകടങ്ങളും ഉണ്ടാകാറുണ്ട്.

സ്കൂൾ വാഹനങ്ങളടക്കം കടന്നുപോകുന്ന പ്രധാന റോഡുകൂടിയാണിത്. മാത്രമല്ല പേപ്പാറ ഡാമിലേക്കും ധാരാളം സഞ്ചാരികൾ കടന്നുപോകുന്നതും ഇതിലൂടെയാണ്. റോഡിന്റെ ശോചനീയാവസ്ഥയും അപകടങ്ങളും ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഗതാഗതയോഗ്യമാക്കുന്നതിനായി ഫണ്ട് അനുവദിച്ചത്. ഗട്ടറുകൾ നിറഞ്ഞ റോഡിലൂടെയുള്ള യാത്രയിൽ അനവധി അപകടങ്ങളാണ് നടന്നിട്ടുള്ളത്. ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. ആയിരങ്ങൾ കടന്നുപോകുന്ന പ്രധാന റോഡ് തകർന്നിട്ടും നടപടികൾ സ്വീരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.

ഓട നിർമ്മിക്കണം

റോഡ് പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ ഭാഗത്തും ഓടകൾ നിർമ്മിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. നിലവിൽ മിക്ക ഭാഗത്തും ഓടയില്ല. റോഡിന് വേണ്ടത്ര വീതിയുമില്ല ഓടയില്ലാത്തതുമൂലം മഴയത്ത് റോഡിന്റെ മിക്ക ഭാഗത്തും വെള്ളക്കെട്ട് രൂപാന്തരപ്പെടുകയും അപകടങ്ങൾ പതിവാകുകയും ചെയ്യുന്നുണ്ട്. മാത്രമല്ല മഴക്കാലമായാൽ റോഡ് ചെളിക്കളമായി മാറും.

വാർത്ത ഫലംകണ്ടു

റോഡിന്റെ ശോചനീയാവസ്ഥയും അപകടങ്ങളും ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് ജി.സ്റ്റീഫൻ എം.എൽ.എ റോഡ് സന്ദർശിക്കുകയും ഗതാഗതയോഗ്യമാക്കാമെന്ന് ഉറപ്പും നൽകി. എം.എൽ.എ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന് നിവേദനം നൽകി. തുടർന്നാണ് റോഡ് ഗതാഗതയോഗ്യമാക്കുന്നതിനായി ബഡ്ജറ്റിൽ 2 കോടി രൂപ വകയിരുത്തിയത്.

നന്ദി രേഖപ്പെടുത്തി

തോട്ടുമുക്ക് പടിപ്പോട്ടുപാറ മേമല, മാങ്കാല റോഡ് ഗതാഗതയോഗ്യമാക്കാൻ ഫണ്ട് അനുവദിച്ച സർക്കാരിനും ജി.സ്റ്റീഫൻ എം.എൽ.എയ്ക്കും സി.പി.എം തൊളിക്കോട് ലോക്കൽകമ്മിറ്റി സെക്രട്ടറി എസ്.എസ്.പ്രേംകുമാർ നന്ദിരേഖപ്പെടുത്തി.