പാറശാലയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോ പ്രവർത്തനം അവതാളത്തിൽ
പാറശാല: ജീവൻ കൈയിലേന്തി ജോലിചെയ്യേണ്ട അവസ്ഥയിലാണ് പാറശാല കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ജീവനക്കാർക്ക്. ചെറിയൊരു മഴ പെയ്താൽപ്പോലും ഡിപ്പോയ്ക്കു മുന്നിലെ പാർക്കിംഗ് ഗ്രൗണ്ടുകൾ നീന്തിക്കയറിവേണം ജീവനക്കാർ സഞ്ചരിക്കാൻ. 73ബസുകളുള്ള പാറശാല ഡിപ്പോയിൽ 3അന്തർസംസ്ഥാന സർവീസുകൾ ഉൾപ്പെടെ 67സർവീസുകളാണ് ദിനംപ്രതി പ്രവർത്തിക്കുന്നത്.
വർക്ക്ഷോപ്പ്,ഡീസൽ പമ്പ്,മെക്കാനിക്,ഇലക്ട്രിക്കൽ,പെയിന്റ്,ടയർ വർക്ക് ഷോപ്പ് ഉൾപ്പെടെ, 350ഓളം ജീവനക്കാർ ജോലിചെയ്യുന്ന പാറശാല ഡിപ്പോയിലാണ് മാനേജ്‌മെന്റിന്റെ അനാസ്ഥയിൽ ജീവനക്കാർ ബുദ്ധിമുട്ടുന്നത്.
തകർന്ന കെട്ടിടം ഭീഷണിയാകുന്നു
ദിവസേന നടക്കുന്ന 67ഓളം സർവീസുകളിലൂടെ കിട്ടുന്ന 10ലക്ഷത്തിൽപ്പരം രൂപ കൈകാര്യം ചെയ്യുന്ന കാഷ് കൗണ്ടർ പ്രവർത്തിക്കുന്നത് കാലപ്പഴക്കംചെന്നു തകർന്ന കെട്ടിടത്തിലാണ്. തകർന്നുവീഴുന്ന കോൺക്രീറ്റ് കഷണങ്ങൾക്ക് താഴെയാണ് കാഷ് കൗണ്ടർ പ്രവർത്തിക്കുന്നത്. കണ്ടക്ടർമാർക്ക് ടിക്കറ്റ് കളക്ഷൻ, ടിക്കറ്റ് മെഷീൻ എന്നിവയുൾപ്പെടെ തിട്ടപ്പെടുത്തി കാഷ് കൗണ്ടറിൽ തിരിച്ചേൽപ്പിക്കുന്നത് തകർന്ന മേൽക്കൂരക്ക് താഴെനിന്നാണ്. സ്റ്റേഷൻ മാസ്റ്റർ ഓഫീസ്,കാഷ് കൗണ്ടർ, ഡ്രൈവർമാർക്കുള്ള റെസ്റ്റ് റൂം തുടങ്ങിയവയാണ് ഇവിടെ പ്രവർത്തിക്കുന്നത്. കാഷ് കൗണ്ടറിലെത്തുന്ന ജീവനക്കാരുടെ സംരക്ഷണത്തിനായി താത്ക്കാലിക ഇരുമ്പുവല സ്ഥാപിച്ചിട്ടുണ്ട്.
ഗ്രൗണ്ടിൽ നിറയെ കുഴികൾ ദിവസവും രാവിലെ ബസ് സർവീസുകൾ ആരംഭിക്കുന്നതും രാത്രിയിൽ പാർക്ക് ചെയ്യുന്നതും, അറ്റകുറ്റപണികൾ കഴിഞ്ഞ ബസുകൾ ഓടിച്ച് നോക്കുന്നതും ഡിപ്പോക്ക് മുന്നിലെ കുഴികൾ നിറഞ്ഞ ഗ്രൗണ്ടിലാണ്. ജീവനക്കാർ കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റിനോടും സർക്കാരിനോടും പരാതി സമർപ്പിച്ചെങ്കിലും കാര്യമുണ്ടായില്ല.
പണം അനുവദിച്ചു, എന്നിട്ടെവിടെ? ഡിപ്പോയിലെ കെട്ടിടങ്ങളുടെ നവീകരണ പ്രവർത്തങ്ങൾക്കായി 10ലക്ഷം രൂപയും, ഡിപ്പോക്ക് മുന്നിലെ പാർക്കിംഗ് ഗ്രൗണ്ടിന്റെ നവീകരണത്തിനായി 10 ലക്ഷം രൂപയും എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും അതിൽ വ്യക്തതയില്ലെന്നാണ് ജീനവനക്കാരുടെ പരാതി.