ഓൺലൈൻ ട്രേഡിംഗിലൂടെ പണം തട്ടാൻ ശ്രമം.

Tuesday 25 November 2025 9:37 PM IST

കണ്ണൂർ: ഓൺലൈൻ ട്രേഡിംഗിലൂടെ പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കാൻ നടത്തിയ ശ്രമം ഇന്ത്യൻ ഓവർസീസ് ബാങ്ക് ജീവനക്കാരും കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസും പരാജയപ്പെടുത്തി.തട്ടിപ്പുസംഘത്തിന്റെ വാക്കുകൾ വിശ്വസിച്ച് 63 കാരിയായ കടലായി സ്വദേശിനി ഇന്ത്യൻ ഓവർസീസ് ബാങ്ക് കണ്ണൂർ ശാഖയിൽ എത്തി പണം അയക്കാൻ ശ്രമിക്കുന്നത് കണ്ട് സംശയം തോന്നിയ അസിസ്റ്റന്റ് മാനേജർ പി.ശ്രീധർ സീനിയർ മാനേജർ ദിവ്യ മുഖാന്തിരം സൈബർ പൊലിസിനെ അറിയിക്കുകയായിരുന്നു. പൊലീസ് 63കാരിയെ ഓൺലൈൻ തട്ടിപ്പു സംബന്ധിച്ച കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി പണം അടക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചു.കാൽലക്ഷം അടച്ചാൽ മുപ്പതു ലക്ഷം രൂപ ലഭിക്കുമെന്നും പെട്ടെന്ന് പണം അടക്കണമെന്നുമാണ് തട്ടിപ്പുസംഘം വാട്സാപ്പിലൂടെ അറിയിച്ചത്. ഇത് വിശ്വസിച്ചാണ് 63 കാരി വീട്ടുകാരറിയാതെ പണവുമായി ബാങ്കിൽ എത്തിയത്.