റഷ്യയുമായുള്ള സമാധാന ഉടമ്പടിക്ക് യുക്രെയിൻ സമ്മതിച്ചു?, ഫലം കണ്ടത് അമേരിക്ക മുന്നോട്ടുവച്ച ‌'ഡീൽ'

Tuesday 25 November 2025 10:17 PM IST

അബുദാബി: നാലുവർഷമായി റഷ്യയുമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ യുക്രെയിൻ സമ്മതം മൂളിയതായി റിപ്പോർട്ടുകൾ. ഇന്ന് അബുദാബിയിൽ വച്ച് അമേരിക്കൻ ഉദ്യോഗസ്ഥ സംഘം യുക്രെയിനിയൻ പ്രതിനിധി സംഘവുമായി നടത്തിയ ചർച്ചയിലാണ് യുക്രെയിൻ സമാധാനത്തിന് വഴങ്ങിയത് എന്നാണ് പുറത്തുവരുന്ന വിവരം. ഇക്കാര്യങ്ങൾ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചില കാര്യങ്ങളിൽ ഇപ്പോഴും തീരുമാനമാകാനുണ്ടെന്ന് എബിസി ന്യൂസിനെ ഒരു അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥൻ അറിയിച്ചു.

കഴിഞ്ഞയാഴ്‌ച അവസാനം ജനീവയിൽ നടന്ന സമാധാന ചർച്ചയിലെ പ്രധാന ആശയത്തെ യുക്രെയിൻ പിന്തുണയ്‌ക്കുന്നെന്ന് റോയിട്ടേഴ്‌സിനെ ഒരു യുക്രെയിനിയൻ നയതന്ത്ര പ്രതിനിധി വ്യക്തമാക്കിയിരുന്നു. എന്നാലും ചില പ്രധാന കാര്യങ്ങൾ യുക്രെയിൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്‌കിയും അമേരിക്കൻ പ്രസിഡന്റ് ട്രംപും തമ്മിൽ തീരുമാനിക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.

എന്നാൽ സമാധാന കരാറിലായെന്ന് റഷ്യയോ യുക്രെയിനോ പരസ്യമായി സമ്മതിച്ചിട്ടില്ല. എന്തെങ്കിലും മാറ്റം വരുത്തിയ സമാധാന കരാറിന് റഷ്യ അംഗീകാരം നൽകാൻ സാദ്ധ്യതയുണ്ടോ എന്ന കാര്യത്തിലും ഇതുവരെ തീരുമാനം വന്നിട്ടില്ല. 28 വ്യവസ്ഥകളുള്ള സമാധാന ഡീലാണ് കഴിഞ്ഞദിവസം അമേരിക്ക മുന്നോട്ടുവച്ചത്. എന്നാൽ ഇത് അംഗീകരിക്കാനാകില്ല എന്നാണ് യുക്രെയിൻ വ്യക്തമാക്കിയിരുന്നത്. പന്ത് യുക്രെയിനിന്റെ കോർട്ടിലാണെന്നാണ് മുൻപ് റഷ്യൻ പ്രസിഡന്റ് പുടിൻ അറിയിച്ചത്.