ഫലം എതിരാക്കുമോ മുന്നണികൾക്ക് വിമതപ്പേടി
കണ്ണൂർ: അനുരഞ്ജനത്തിന് വഴങ്ങാത്ത വിമത സ്ഥാനാർത്ഥികൾ ജില്ലയിൽ മുന്നണികൾക്ക് സൃഷ്ടിക്കുന്നത് മുമ്പെങ്ങുമില്ലാത്ത വെല്ലുവിളി.നിർണായക വാർഡുകളിൽ വോട്ട് വിഭജനം തിരഞ്ഞെടുപ്പ് ഫലത്തെ സാരമായി ബാധിക്കുമെന്ന ആശങ്ക നിലനിൽക്കെയാണ് യു.ഡി.എഫും എൽ.ഡി.എഫും ഒന്നുപോലെ വിമത ഭീഷണി നേരിടുന്നത്.
സംസ്ഥാനത്ത് യു.ഡി.എഫ് ഭരണമുള്ള ഏക കോർപ്പറേഷനായ കണ്ണൂരിൽ മൂന്ന് പ്രധാന ഡിവിഷനുകളിൽ വിമതർ കോൺഗ്രസിനും മുസ്ലിം ലീഗിനും വലിയ തലവേദനയായത്. അധികാരം തിരിച്ചുപിടിക്കാൻ എൽ.ഡി.എഫ് തീവ്രശ്രമം നടത്തുന്ന സാഹചര്യത്തിൽ സ്വന്തം പാളയത്തിൽനിന്നുള്ള വോട്ട് നഷ്ടപ്പെടുന്നത് ആലോചിക്കാൻ പോലും സാധിക്കാത്ത സ്ഥിതിയിലാണ് യു.ഡി.എഫ്.
വാരം ഡിവിഷൻ (കോർപറേഷൻ) കോൺഗ്രസിൽനിന്ന് കഠിന ചർച്ചകളിലൂടെയും സമ്മർദ്ദത്തിലൂടെയുമാണ് ലീഗ് ഈ ഡിവിഷൻ സ്വന്തമാക്കിയത്. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന കെ.പി.താഹിറിനെ രംഗത്തിറക്കിയ ലീഗിന് പക്ഷെ പ്രാദേശിക നേതാവ് റയീസ് അസ്അദിയെ അനുനയിപ്പിക്കാൻ സാധിച്ചില്ല. ജില്ലാതല നേതൃത്വം പ്രാദേശിക പ്രവർത്തകരെ അവഗണിക്കുന്നുവെന്ന പരാതിയാണ് അസ്അദിയുടെ വിമത സ്ഥാനാർഥിത്വത്തിന് പിന്നിൽ.
മാക്കുറ്റിയും ഭീഷണിയിൽ
മുസ്ലിം വോട്ടുകൾ നിർണായകമായ ആദികടലായി ഡിവിഷനിൽ കെ.പി.സി.സി അംഗം റിജിൽ മാക്കുറ്റിക്കെതിരെ ലീഗ് നേതാവ് പി. മുഹമ്മദലി വലിയ ഭീഷണിയാണ് ഉയർത്തിയിരിക്കുന്നത്.
ഡെപ്യുട്ടി മേയറും ഭീഷണിയിൽ
നിലവിലെ ഡെപ്യൂട്ടി മേയറും അടുത്ത മേയർ സ്ഥാനാർത്ഥിയാകാൻ പരിഗണിക്കപ്പെടുന്നവരിലൊരാളുമായ പി.ഇന്ദിര ഗുരുതര വിമത ഭീഷണിയാണ് നേരിടുന്നത്. മഹിളാ കോൺഗ്രസ് നേതാവ് കെ.എൻ.ബിന്ദുവാണ് സ്വന്തം പാർട്ടിയിൽ നിന്നുള്ള എതിരാളി. ആദ്യം പരിഗണിച്ച തന്നെ മാറ്റി ഇന്ദിരയെ സ്ഥാനാർത്ഥിയാക്കിയതാണ് ബിന്ദുവിനെ പ്രകോപിപ്പിച്ചത്.
പയ്യന്നൂരിലുമുണ്ട് പ്രതിസന്ധി പയ്യന്നൂർ നഗരസഭയിൽ സ്വതന്ത്രനായി കാര വാർഡിൽ നിന്നും മത്സരിക്കുന്ന മുൻ ബ്രാഞ്ച് സെക്രട്ടറി സി വൈശാഖിനെ സി.പി.എം പുറത്താക്കിയെങ്കിലും പ്രചാരണം സജീവമാണ്. ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിലും ചെറുകുന്ന് ഗ്രാമപഞ്ചായത്തിലും എൻ.സി.പിയിലെയും സി.പി.എമ്മിലെയും വിമതർ എൽ.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ മത്സരിക്കുന്നുണ്ട്.
ഇവിടെ സഖ്യങ്ങൾ വ്യത്യസ്തം
പാത്തൻപാറ വാർഡിൽ കോൺഗ്രസ് വിമതയായ മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിഷ ദീപേഷിനെ പിന്തുണക്കുന്നത് സി.പി.എമ്മാണ്. സി പി.എം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെ മുണ്ടേരി പഞ്ചായത്തിൽ കോർപ്പറേഷൻ മേയർ സ്ഥാനാർഥിയായ വി.കെ.പ്രകാശിനിയുടെ സഹോദരി വി.കെ.മോഹിനി വിമതയായി മത്സരത്തിലാണ്. പാനൂർ, ന്യൂമാഹി, പേരാവൂർ, ശ്രീകണ്ഠപുരം, ചെങ്ങളായി എന്നിവിടങ്ങളിലും വിമതർ ഉറച്ചുനിൽക്കുന്നു. വാർഡുകളിൽ ചെറിയ വോട്ട് വ്യത്യാസത്തിൽ ജയപരാജയങ്ങൾ നിശ്ചയിക്കപ്പെടുമെന്നതിനാൽ വിമതർ പിടിച്ചെടുക്കുന്ന ഓരോ വോട്ടും ഫലത്തെ ബാധിക്കും. കണ്ണൂർ കോർപ്പറേഷൻ പോലുള്ള യു.ഡി.എഫിന്റെ കോട്ടകളിൽ ഈ വിമതപ്രശ്നം എൽ.ഡി.എഫിന് അപ്രതീക്ഷിത നേട്ടമുണ്ടാക്കാനും സാദ്ധ്യതയുമുണ്ട്.