വടക്കിന്റെ രാഷ്ട്രീയ കളരിയിൽ വിമതരില്ല ; തലശ്ശേരിയിൽ സ്ഥാനാർത്ഥികൾ 174

Tuesday 25 November 2025 10:29 PM IST

തലശ്ശേരി: ആകെ 53 വാർഡുകളിലായി സ്വതന്ത്രർ ഉൾപ്പെടെ 174 പേരാണ് തലശ്ശേരി നഗരസഭയിൽ മത്സരരംഗത്തുള്ളത്.ഉറച്ച രാഷ്ട്രീയ ബോധം വിളിച്ചുപറയുന്ന തരത്തിൽ ഒരു പാർട്ടിയ്ക്കും വിമതരെ നേരിടേണ്ടിവന്നിട്ടില്ലെന്നതാണ് ഇവിടത്തെ പ്രത്യേകതകളിലൊന്ന്.

159 വർഷം പഴക്കമുള്ള തലശ്ശേരി നഗരസഭയുടെ ആധിപത്യത്തിനായി അരയും തലയും മുറുക്കുകയാണ് മുന്നണികൾ. എൽ.ഡി.എഫിന് ആധിപത്യം നിലനിർത്തണം. കഴിഞ്ഞ തവണ മുഖ്യപ്രതിപക്ഷമായി ഉയ‌ർന്ന ബി.ജെ.പിയും വലിയ പ്രതീക്ഷയിലാണ്. യു.ഡി.എഫിനും പലതും തെളിയിക്കാനുള്ളതാണ് തലശ്ശേരിയിലെ തിരഞ്ഞെടുപ്പ്.

ജില്ലയിൽ സി.പി.എമ്മിന് രക്തസാക്ഷികളുടെ മണ്ണാണ് തലശ്ശേരിയെന്ന വൈകാരികതയുണ്ട്. അതിനാൽ സീറ്റ് കുറയുന്നത് ചിന്തിക്കാനാകില്ല. ജില്ലയിൽ ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ സീറ്റുള്ള നഗരസഭ തലശ്ശേരിയാണ്. നിലവിൽ എട്ടുസീറ്റുകളാണ് അവർക്കുള്ളത്. ഇത്തവണ എന്തുവന്നാലും രണ്ടക്കം കടക്കുമെന്ന ഉറപ്പിലാണ് അവർ. യു.ഡി.എഫിന് നിലവിൽ ആറു സീറ്റുകൾ മാത്രമാണുള്ളത്.

ചേറ്റംകുന്നിലും മാരിയമ്മനിലും കടുത്ത മത്സരം

ചേറ്റംകുന്നിൽ എൽ.ഡി.എഫിന്റെ വി.സജിത,​ യു.ഡി.എഫിലെ മുസൈറ കരിയാടൻ, എൻ.ഡി.എയുടെ ശ്രീന എന്നിവരാണ് മത്സര രംഗത്തുള്ളത്. മുസ്ലിം ലീഗിൽ നിന്ന് ബി.ജെ.പി പിടിച്ചെടുത്ത വാർഡാണിത്. തിരിച്ചുപിടിക്കേണ്ടത് അഭിമാനപ്രശ്നമായാണ് യു.ഡി.എഫ് കാണുന്നത്. മാരിയമ്മൻ വാർഡിൽ എൽ.ഡി.എഫിന്റെ ടി.പി തപസും ബി.ജെ.പിയുടെ വി.ദിവ്യയും യു.ഡി.എഫിന്റെ നൂറ ടീച്ചറുമാണ് മത്സരിക്കുത്. മുസ്ലിം ലീഗിൽ നിന്ന് ടി.പി തപസു കഴിഞ്ഞതവണ സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. മുബാറക് കോളജ് അദ്ധ്യാപിക നൂറ ടീച്ചറെ നിർത്തിയാണ് ലീഗിന്റെ പോരാട്ടം. സി.പി.ഐ വിട്ട് സി.പി.എമ്മിൽ ചേർന്ന നഗരസഭയിലെ വികസന സ്ഥിരംസമിതി അദ്ധ്യക്ഷഎൻ.രേഷ്മ തിരുവങ്ങാട് വാർഡിൽ നിന്നും ജനവിധി തേടുന്നതും ശ്രദ്ധേയമാണ്. എൽ.ഡി.എഫിലെ ചെയർമാൻ സ്ഥാനാർത്ഥി കാരായി ചന്ദ്രശേഖരന്റെ സ്ഥാനാർത്ഥിത്വവും ചർച്ച ചെയ്യപ്പെടുന്നുണ്ട്. ചെള്ളക്കര വാർഡിലാണ് ചന്ദ്രശേഖരൻ മത്സരിക്കുന്നത്.നിലവിൽ സി.പിഎം ഏരിയാ കമ്മിറ്റിയംഗമാണ് കാരായി ചന്ദ്രശേഖരൻ.