ഗുണ്ടാപ്പിരിവ്: ഒരാൾ അറസ്റ്റിൽ
കൊച്ചി: അന്യസംസ്ഥാന തൊഴിലാളിയെ ഗുണ്ടാപ്പിരിവ് നൽകാത്തതിന്റെ പേരിൽ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ എരൂർ സ്വദേശി സഞ്ജയാണ് (28) പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്.
രണ്ടാംപ്രതി മനു ബെന്നി ബംഗളൂരുവിൽ മറ്റൊരു കേസിൽ റിമാൻഡിലാണ്.
അസാം സ്വദേശി മിജാനൂർ ഹൊസൂറിനെയാണ് (19) ചക്കരപ്പറമ്പ് ഭാഗത്ത് ഈ മാസം ആദ്യം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതും ആക്രമിച്ചതും.
പാതയോരത്ത് പാൻമസാല വിൽക്കണമെങ്കിൽ പണംവേണമെന്ന് സഞ്ജയും കൂട്ടാളിയും ആവശ്യപ്പെട്ടു. മിജാനൂർ ആദ്യം 500 രൂപ നൽകിയെങ്കിലും കൂടുതൽ പണം ആവശ്യപ്പെട്ടപ്പോൾ വഴങ്ങിയില്ല. തുടർന്നാണ് കത്തിയെടുത്ത് വീശിയത്. ഒഴിഞ്ഞുമാറുന്നതിനിടെ വലതുതോളിൽ കുത്തേറ്റു. പാലാരിവട്ടം എസ്.എച്ച്.ഒ എസ്.ആർ. സനീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
മനു ബെന്നിയെ മയക്കുമരുന്ന കേസിൽ കർണാടക പൊലീസാണ് അറസ്റ്റുചെയ്തത്.