കാസർകോട് ജില്ലാ പഞ്ചായത്തിൽ മത്സരം കടുക്കും രണ്ടു ഡിവിഷനുകളിൽ അഗ്നിപരീക്ഷ
പിലിക്കോടും ചെറുവത്തൂരും കടുത്ത പോരാട്ടം
കാസർകോട്: കാസർകോട് ജില്ലാ പഞ്ചായത്ത് നിലനിർത്താൻ എൽ.ഡി.എഫും പിടിച്ചെടുക്കാൻ യു.ഡി.എഫും ഇക്കുറി കടുത്ത പോരാട്ടത്തിൽ. വടക്കൻമേഖലയിൽ ശക്തമായ മത്സരം കാഴ്ചവച്ച് എൻ.ഡി.എയും സജീവമാണ്. മൂന്ന് മുന്നണികളിലും പുതുമുഖ സ്ഥാനാർത്ഥികളാണ് കൂടുതലും മത്സരരംഗത്തുള്ളത്.പലതരത്തിലുള്ള വിഭജനങ്ങൾ മൂലം ഡിവിഷനുകളുടെ രൂപത്തിലും സ്വഭാവത്തിലും ഗണ്യമായ മാറ്റം സംഭവിച്ചതിനാൽ ഇക്കുറി അട്ടിമറികൾ ഏറുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ.
ജില്ലാ പഞ്ചായത്തിൽ ഒരു ഡിവിഷൻ വർദ്ധിച്ച് എണ്ണം 18 ആയിട്ടുണ്ട്. ചെങ്കളയിൽ നിന്ന് സ്വതന്ത്രനായി ജയിച്ച ഷാനവാസ് പാദൂരിന്റെ പിന്തുണയിലാണ് കഴിഞ്ഞ അഞ്ചു വർഷംഎൽ.ഡി.എഫ് കാസർകോട് ജില്ലാ പഞ്ചായത്ത് ഭരിച്ചത്. ഇത്തവണ പുതുതായി രൂപീകരിച്ച ബേക്കൽ ഡിവിഷനിലും കഴിഞ്ഞ തവണ യു.ഡി.എഫ് പിടിച്ചെടുത്ത ദേലമ്പാടി ഡിവിഷനിലും എൽ.ഡി.എഫ് വലിയ പ്രതീക്ഷയാണ് പുലർത്തുന്നത്.
എൽ.ഡി.എഫിന്റെ ഉറച്ച മണ്ഡലങ്ങളായ ചെറുവത്തൂർ, പിലിക്കോട് ഡിവിഷനുകളിൽ ഇക്കുറി വലിയ അഗ്നിപരീക്ഷയാണ് നേരിടുന്നത്. പിലിക്കോട് ആർ.ജെ.ഡിയും ചെറുവത്തൂർ സി പി.എമ്മുമാണ് മത്സരിക്കുന്നത്. തുടർച്ചയായ രണ്ടാംതവണയും ജനവിധി തേടുന്ന ആർ.ജെ.ഡി സ്ഥാനാർത്ഥി എം.മനുവിൽ നിന്ന് പിലിക്കോട് ഡിവിഷൻ തിരിച്ചുപിടിക്കാൻ കോൺഗ്രസ് മുതിർന്ന നേതാവ് കരിമ്പിൽ കൃഷ്ണനെയാണ് രംഗത്തിറക്കിയിട്ടുള്ളത്. ബി.ഡി.ജെ.എസിലെ കെ.കുഞ്ഞിക്കൃഷ്ണനും ഇവിടെ സ്ഥാനാർത്ഥിയാണ്. കോൺഗ്രസിലെ ഷാജി തൈക്കീലിനെ കന്നിയങ്കത്തിൽ 2325 വോട്ടിന്റെ ഭൂരിപക്ഷത്തിന് തോൽപ്പിച്ചാണ് മനു ജില്ലാ പഞ്ചായത്ത് മെമ്പർ ആയത്. രണ്ടര വർഷം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായി. കഴിഞ്ഞ തവണ വലിയപറമ്പ് പഞ്ചായത്തിലെ കോൺഗ്രസ് 125 വോട്ടിന് ജയിച്ച മാടക്കാൽ വാർഡും കയ്യൂർ ഡിവിഷനിലുണ്ടായിരുന്ന പിലിക്കോട് പഞ്ചായത്തിലെ പാടിക്കീൽ വാർഡും പിലിക്കോട് ഡിവിഷനൊപ്പം ചേർത്തു. ഡിവിഷൻ കൂടുതൽ സുരക്ഷിതമായെന്ന് എൽ.ഡി.എഫ് പറയുന്നുണ്ടെങ്കിലും കരിമ്പിൽ കൃഷ്ണന്റെ സ്ഥാനാർത്ഥിത്വം മത്സരത്തെ കടുപ്പമുള്ളതാക്കിയിട്ടുണ്ട്.
സി പി.എമ്മിലെ സി.ജെ.സജിത്ത് കഴിഞ്ഞ തവണ ഒമ്പതിനായിരത്തിലധികം വോട്ടിന് ജയിച്ച ചെറുവത്തൂർ ഡിവിഷനൊപ്പം
നേരത്തെ പിലിക്കോട് ഡിവിഷനിൽ ഉൾപ്പെട്ടിരുന്ന പടന്ന ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് ആധിപത്യമുള്ള ഏഴും എൽ.ഡി.എഫ് ഭൂരിപക്ഷമുള്ള ഒരു വാർഡും ഇക്കുറി കൂട്ടിച്ചേർത്തിട്ടുണ്ട്. ഇതോടെ ഇവിടെ മത്സരം കടുപ്പിക്കുമെന്നുറപ്പാണ്. അതെ സമയം കയ്യൂർ ചീമേനിയിലെ പതിനേഴാം വാർഡ് കൂട്ടിച്ചേർത്തത് എൽ.ഡി.എഫിന് നേട്ടമാണ്.
ആയുർവേദ ഡോക്ടർ കൂടിയായ മുൻ എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റിയംഗം സെറീന സലീമിനെയാണ് സി പി.എം ചെറുവത്തൂരിൽ സ്ഥാനാർത്ഥിയാക്കിയത്. സി പി.എം തിമിരി ലോക്കൽ കമ്മിറ്റിയംഗം കൂടിയാണ് സെറീന.വി.എം.സാന്ദ്രയാണ് യു.ഡി.എഫ് സ്ഥാനാർത്ഥിഭൂരിപക്ഷത്തിൽ കുറവുണ്ടായാലും ജില്ലാ പഞ്ചായത്ത് ഡിവിഷൻ നിലനിർത്തുമെന്നാണ് എൽ.ഡി.എഫിന്റെ അവകാശവാദം.