നെടുമ്പാശേരിയിൽ സ്വർണവും സിഗററ്റുകളും പിടിച്ചു
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണവും സിഗററ്റുകളും ഉൾപ്പെടെ 50 ലക്ഷം രൂപയുടെ വസ്തുക്കൾ കസ്റ്റംസ് പിടികൂടി. രണ്ട് കേസുകളിലായി വിദേശ യാത്രക്കാരനും തമിഴ്‌നാട് സ്വദേശിനിയും ഉൾപ്പെടെ നാലുപേർ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റിന്റെ പിടിയിലായി.
കംബോഡിയയിൽനിന്ന് തായ് എയർഏഷ്യ വിമാനത്തിൽ എത്തിയ മലപ്പുറം സ്വദേശികളായ റഫീഖ്, സഫീർ എന്നിവരിൽനിന്ന് 17.5 ലക്ഷം രൂപ വില വരുന്ന വിദേശനിർമ്മിത സിഗററ്റുകൾ പിടിച്ചെടുത്തു. 70,000 സിഗററ്റുകളാണ് ഇവരിൽ നിന്ന് പിടികൂടിയത്.
ബാറ്റിക് എയർ വിമാനത്തിൽ കോലാലംപൂരിൽ നിന്നെത്തിയ തമിഴ്‌നാട് സ്വദേശിനി ജയയിൽനിന്ന് 30.4 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ പിടിച്ചെടുത്തു. ഷൂവിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു വെള്ളി പൂശിയതുൾപ്പെടെയുള്ള സ്വർണാഭരണങ്ങൾ ഇവർ കടത്താൻ ശ്രമിച്ചത്.
എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ തൃശൂർ സ്വദേശിയായ യാത്രക്കാരനിൽനിന്ന് 1.48 ലക്ഷം രൂപ വില വരുന്ന 46 ഇ സിഗററ്റുകളും കസ്റ്റംസ് പിടികൂടി.