കീഴടങ്ങാൻ സമയം തേടി മാവോയിസ്റ്റുകൾ: സായുധ പോരാട്ടം അവസാനിപ്പിക്കും

Wednesday 26 November 2025 1:41 AM IST

ന്യൂഡൽഹി: പതിറ്റാണ്ടുകളായുള്ള സായുധപോരാട്ടം അവസാനിപ്പിച്ച് മാവോയിസ്റ്റുകൾ കീഴടങ്ങാനൊരുങ്ങുന്നു. കീഴടങ്ങാൻ 2026 ഫെബ്രുവരി 15 വരെ സമയം വേണമെന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യയുടെ (മാവോയിസ്റ്റ്) അഭ്യർത്ഥന. ഇതു സംബന്ധിച്ച് കേന്ദ്രസർക്കാരിനും മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാർക്ക് കത്ത് നൽകി. മഹാരാഷ്ട്ര-മദ്ധ്യപ്രദേശ്-ഛത്തീസ്ഗഡ് പ്രത്യേക സോണൽ കമ്മിറ്റി (എം.എം.സി) വക്താവ് അനന്താണ് കത്തയച്ചത്.

പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവും പൊളിറ്റ്ബ്യൂറോ അംഗവുമായ മല്ലോജുല വേണുഗോപാൽ റാവു എന്ന സോനുവിന്റെ ആഹ്വാനമനുസരിച്ചാണ് തീരുമാനം. സർക്കാരിന്റെ പുനരധിവാസ പദ്ധതിയുടെ ഭാഗമാകാനും ആഗ്രഹിക്കുന്നുവെന്നും അനന്തിന്റെ കത്തിലുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ പ്രവർത്തകരിലേക്ക് സന്ദേശം എത്തിക്കാനും കൂടിയാലോചിക്കാനും ഫെബ്രുവരി 15 വരെ സമയം വേണമെന്നും കത്തിലുണ്ട്. 2026 മാർച്ച് 31നകം രാജ്യത്ത് നക്‌സലിസം അവസാനിപ്പിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം.

ഡിസംബർ രണ്ടിന് സംഘടനയുടെ മിലിട്ടറി വിഭാഗമായ ഗറില്ല ആർമി സ്ഥാപക വാർഷിക ദിനം ആഘോഷിക്കില്ല. ആസമയത്ത് മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനുകൾ നടത്തരുത്. സുരക്ഷാസേനയ്‌ക്ക് വിവരം നൽകുന്ന 'ഇൻഫോമർ"മാരുടെ പ്രവർത്തനം അവസാനിപ്പിക്കണമെന്നും അനന്ത് കത്തിൽ ആവശ്യപ്പെടുന്നു. എന്നാൽ കീഴടങ്ങാൻ 10-15 ദിവസം മതിയാകുമെന്ന് ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി വിജയ് ശർമ്മ പ്രതികരിച്ചു.

 നായകരെയെല്ലാം നഷ്ടമായി

സോനു (ഭൂപതി), പുല്ലൂരി പ്രസാദ് റാവു എന്ന ശങ്കരണ്ണ അടക്കം പ്രമുഖ നേതാക്കളും മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന സംസ്ഥാനങ്ങളിൽ നിരവധി മാവോയിസ്റ്റുകളും അടുത്തകാലത്ത് കീഴടങ്ങിയിരുന്നു. കഴിഞ്ഞയാഴ്ച ആന്ധ്രപ്രദേശിൽ നടന്ന ഏറ്റുമുട്ടലിൽ ഉന്നത കമാൻഡർ മദ്‌വി ഹിദ്മ കൊല്ലപ്പെട്ടത് സംഘടനയെ മാനസികമായി തളർത്തി. മുൻപ് ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ തിപ്പിരി തിരുപ്പതി എന്ന ദേവുജി, ഗണേഷ് ഉയ്‌കെ എന്നീ കമാൻഡർമാർ രോഗബാധിതരാണ്.