കലാപവേദിയായി ചവിട്ടുനാടക വേദി

Tuesday 25 November 2025 11:54 PM IST

ആലപ്പുഴ: റവന്യൂ ജില്ലാ കലോത്സവത്തിനിടെ വിധികർത്താവിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതായി പരാതി. ഹയർ സെക്കൻഡറി വിഭാഗം ചവിട്ടുനാടക മത്സരത്തിനിടെയായിരുന്നു എറണാകുളം സ്വദേശിയായ മദ്ധ്യവയസ്കന്റെ ഭീഷണി. ഇയാൾ കഴിഞ്ഞ ദിവസവും വിധികർത്താവിന് നേരെ വധഭീഷണി മുഴക്കിയിരുന്നു.

മത്സരത്തിന് പിന്നാലെ ഫലം പ്രഖ്യാപിച്ചപ്പോൾ വിദ്യാർത്ഥികളും ഒപ്പമുണ്ടായിരുന്നവരും വിധികർത്താക്കളെയും സംഘാടകരെയും കൈയേറ്റം ചെയ്യാൻ ശ്രമിച്ചത് സ്ഥിതി വഷളാക്കി. വിദ്യാർത്ഥികൾ തമ്മിലും ഏറ്റുമുട്ടി. ഉച്ചകഴിഞ്ഞ് രണ്ടരയോടെ വേദി രണ്ടിലായിരുന്നു സംഭവം. ഒന്നാം സ്ഥാനം മാന്നാർ നായർ സമാജം എച്ച്.എസ്.എസിനാണെന്നറിഞ്ഞതോടെ അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇതിനിടെ വിദ്യാർ‌ത്ഥികൾക്കൊപ്പം എത്തിയ അദ്ധ്യാപക സംഘം വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ ഇ.എസ്. ശ്രീലതയുമായി ചർച്ച നടത്തിയെങ്കിലും വിദ്യാർത്ഥികൾ പ്രതിഷേധവുമായി വീണ്ടുമെത്തി. പൊലീസ് സംരക്ഷണത്തിൽ വിധികർത്താക്കളെ കാറിൽ മാറ്റാൻ ശ്രമിച്ചെങ്കിലും വിദ്യർത്ഥികൾ തടഞ്ഞ് കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഒടുവിൽ പൊലീസ് വിദ്യാർത്ഥികളെ നീക്കിയാണ് വിധികർത്താക്കളെ കയറ്റിയ കാർ വിട്ടയച്ചത്. സ്കൂളിനെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ പറഞ്ഞു.