വരവ് കുറഞ്ഞു, പച്ചക്കറിക്ക് തീവില..!
കൊടുങ്ങല്ലൂർ: വരവ് കുറയുകയും ആവശ്യക്കാർ കൂടുകയും ചെയ്തതോടെ വിപണിയിൽ പച്ചക്കറിക്ക് തീവിലയായി. മഴയെ തുടർന്ന് പച്ചക്കറികൾക്ക് ഒരു മാസം മുമ്പ് വില കൂടിയിരുന്നുവെങ്കിലും പിന്നീട് കുറഞ്ഞിരുന്നു. എന്നാൽ, മണ്ഡലകാലം ആരംഭിച്ചതോടെ വീണ്ടും വർദ്ധിച്ചു. പച്ചക്കറികളുടെ ഉത്പാദന കേന്ദ്രങ്ങളിൽ ഉണ്ടായ ശക്തമായ മഴയാണ് വീണ്ടും വിലകൂടാൻ കാരണമെന്നാണ് പറയുന്നത്. മൊത്തക്കച്ചവടക്കാരുടെ കടകളിൽ 60 രൂപയുണ്ടായിരുന്ന മുരിങ്ങക്കായ 300 രൂപയായി ഉയർന്നു. ഊട്ടി ബീട്ട്റൂട്ട് മൊത്തവില 60 രൂപയാണ്. നീളൻ വഴുതന 50, കൊത്തമര 50, കോളിഫ്‌ളവർ 50, എന്നിങ്ങിനെ പോകുന്നു ഹോൾസെയിൽ വില. മേട്ടുപാളയം കാരറ്റ് 60 രൂപയും തക്കാളി 50 രൂപയുമാണ് മൊത്തവില. ഒരാഴ്ച മുമ്പ് വരെ തക്കാളിക്ക് 20 രൂപയുണ്ടായിരുന്നതാണ് ഇപ്പോൾ 50 രൂപയായി വർദ്ധിച്ചിട്ടുള്ളത്. 20 രൂപയുണ്ടായിരുന്ന എളവൻ 30 രൂപയായി ഉയർന്നു. 30 രൂപയുണ്ടായിരുന്ന വെണ്ട 60 - 70 നിലകളിലെത്തി. ഊട്ടിയിൽ നിന്നുള്ള ഉരുളൻ കിഴങ്ങ് വില 50 രൂപയായി ഉയർന്നു. ഗുജറാത്ത് ഉരുളൻ കിഴങ്ങിന് 40 രൂപയാണ് മൊത്തവില. ചില്ലറ വിൽപ്പന കടകളിൽ എത്തുമ്പോൾ 10 - 20 രൂപയുടെ വർദ്ധനവും കൂടി ഉണ്ടാകുന്നു. ചെറിയ ഉള്ളി 60 രൂപയായി ഉയർന്നു. സവാള, ബീൻസ്, ചേന, ചേമ്പ്, ചെറു നാരങ്ങ തുടങ്ങിയവയ്ക്ക് വിലയിൽ വലിയ മാറ്റമുണ്ടായിട്ടില്ല. മണ്ഡലകാലമായതിനാൽ വില ഇനിയും ഉയരാനാണ് സാദ്ധ്യത.
വില ഇങ്ങനെ...
വഴുതന - 50
കൊത്തമര - 50
കോളിഫ്‌ളവർ - 50
ഊട്ടി ബീട്ട്റൂട്ട് - 60
മേട്ടുപാളയം കാരറ്റ് - 60
എളവൻ - 30
വെണ്ട - 60 - 70
ഉരുളൻ കിഴങ്ങ് - 50
ചെറിയ ഉള്ളി - 60