തിരഞ്ഞെടുപ്പിന് 15 നാൾ; ചൂടേറും വിഷയങ്ങൾ, പ്രചാരണം തകൃതി

Wednesday 26 November 2025 12:00 AM IST
1

തൃശൂർ: 'മൂത്രമൊഴിക്കാൻ ഒരാൾ പുറത്തുപോയാൽ വീഴുന്ന സർക്കാർ' ഉമ്മൻ ചാണ്ടി മന്ത്രിസഭയെക്കുറിച്ച് ടി.കെ.ഹംസയുടെ പരിഹാസം പോലെയായിരുന്നു കഴിഞ്ഞ കാലഘട്ടത്തിലെ (2020 - 2025) കോർപറേഷനിലെ കക്ഷിനില. ഇടതുമുന്നണിക്കും യു.ഡി.എഫിനും 24 വീതവും ബി.ജെ.പിക്ക് ആറും ഒരു സ്വതന്ത്രനും. സ്വതന്ത്രനായ കോൺഗ്രസ് വിമതൻ എം.കെ.വർഗീസിനെ മേയറാക്കി കൂടെ നിറുത്തി കഴിഞ്ഞ അഞ്ചു വർഷവും ഇടതുപക്ഷം ഭരണചക്രം തിരിച്ചു. 2015 - 2020 കാലത്തും എൽ.ഡി.എഫ് തന്നെയായിരുന്നു കോർപറേഷൻ ഭരിച്ചത്. അന്ന് എൽ.ഡി.എഫ് 23, യു.ഡി.എഫ് 21, എൻ.ഡി.എ 6, മറ്റുള്ളവർ 5 എന്നായിരുന്നു കക്ഷിനില.

യു.ഡി.എഫ്

അഴിമതിയും ഭരണസ്തംഭനവും മറ്റും വിഷയമാക്കിയാണ് യു.ഡി.എഫ് പ്രചാരണം. 10 വർഷം കൊണ്ട് തൃശൂർ നഗരത്തെ പിറകോട്ട് നയിച്ചെന്നാണ് ആരോപണം. കൗൺസിലിലോ ജനങ്ങൾക്കിടയിലോ ചർച്ച ചെയ്യാതെ, ഭൂമാഫിയയെ സഹായിക്കാനായി നഗരവികസന മാസ്റ്റർ പ്ലാനിൽ തിരിമറി നടത്തിയെന്ന ഗുരുതര ആരോപണവുമുണ്ട്. ശക്തൻ നഗറിൽ കോടികൾ മുടക്കി നിർമ്മിച്ച ആകാശപ്പാത ധൂർത്താണെന്നും അഴിമതിയുടെ സ്മാരകമാണെന്നും പറയുന്നതോടൊപ്പം റോഡുകളിലെ കുഴികൾ, കുടിവെള്ള ക്ഷാമം, പരാജയപ്പെട്ട മാലിന്യ സംസ്‌കരണം എന്നിവയും യു.ഡി.എഫ് വിഷയമാക്കുന്നു.

എൻ.ഡി.എ

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സ്വാധീനം ഉപയോഗപ്പെടുത്തി വികസന അജൻഡയാണ് എൻ.ഡി.എയും ബി.ജെ.പിയും തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നോട്ടുവയ്ക്കുന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി അനുവദിക്കുന്ന വികസന ഫണ്ടുകളും പദ്ധതികളും കോർപറേഷൻ ഭരണസമിതി രാഷ്ട്രീയ വൈരാഗ്യം മൂലം തടയുന്നുവെന്ന ആരോപണവും ഉന്നയിക്കുന്നു. ശക്തൻ മാർക്കറ്റിന്റെയും ബസ് സ്റ്റാൻഡിന്റെയും നവീകരണം വൈകിപ്പിക്കുന്നുവെന്ന പ്രചാരണവും ശക്തമാണ്. മാസ്റ്റർ പ്ലാനും വികസന മുരടിപ്പും എൻ.ഡി.എയുടെയും പ്രചാരണ വിഷയമാണ്.

എൽ.ഡി.എഫ്

വികസന പദ്ധതികളെ മുൻനിറുത്തിയാണ് ഇടതുമുന്നണി വോട്ട് തേടുന്നത്. മാലിന്യക്കൂമ്പാരമായിരുന്ന ലാലൂരിനെ ഐ.എം.വിജയൻ സ്‌പോർട്‌സ് കോംപ്ലക്‌സാക്കിയത് വലിയ നേട്ടമായി അവതരിപ്പിക്കുന്നു. ആകാശപ്പാത, മാസ്റ്റർ പ്ലാൻ, കുടിവെള്ള പദ്ധതികൾ, മാലിന്യ സംസ്‌കരണം എന്നിവയും ചർച്ചയാക്കുന്നുണ്ട്. ശുചിത്വനഗരം, ലേണിംഗ് സിറ്റി തുടങ്ങിയ നേട്ടങ്ങളും അവതരിപ്പിക്കുന്നു. 1500 കോടിയോളം രൂപയുടെ വികസനം നടപ്പാക്കാനായെന്നും പട്ടയം ഉൾപ്പെടെയുള്ള ജനകീയ പ്രശ്‌നങ്ങൾ പരിഹരിച്ചെന്നുമാണ് അവകാശവാദം.

മറ്റ് ചർച്ചകൾ

അഞ്ചുവർഷം മേയറായിരുന്ന എം.കെ.വർഗീസ് എൽ.ഡി.എഫിനായി പ്രചാരണത്തിന് ഇറങ്ങുന്നില്ലെന്നതും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായി അദ്ദേഹം സഹകരിക്കുന്നതുമായ ചർച്ചകൾ സജീവമാണ്. രണ്ടുവർഷം മാത്രം മേയറാക്കാമെന്ന ധാരണയ്ക്ക് വിരുദ്ധമായി അഞ്ചുവർഷം വർഗീസിനെ മേയറാക്കിയതിൽ സി.പി.ഐക്ക് അമർഷമുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് മേയറുടെ മൃദു ബി.ജെ.പി സമീപനവും സി.പി.ഐ ഉന്നയിച്ചിരുന്നു. സീറ്റ് വിഭജനത്തെ ചൊല്ലി മൂന്ന് മുന്നണികളിലുമുള്ള തർക്കങ്ങളും വിമത നീക്കങ്ങളും പ്രാദേശിക വിഷയങ്ങളാണ്.