ഭാവതാളരസം
ആലപ്പുഴ : പ്രതിഭകൾ നിറഞ്ഞാടിയ ജില്ലാകലോത്സവ വേദിയിൽ എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗം പണിയനൃത്തം, പളിയനൃത്തം, ഇരുളനൃത്തം മത്സരങ്ങൾ ആസ്വദിക്കാൻ കാണികളുടെ നിറസാന്നിദ്ധ്യം. താളപ്പെരുക്കം തീർത്ത അറബനമുട്ടും സംഘഗാനവും വേദികളെ ആവേശത്തിലാക്കി.
പ്രധാനവേദിയായ ലീയോതേർട്ടീന്ത് സ്കൂൾ ഗ്രൗണ്ടിൽ നടന്ന എച്ച്.എസ്.എസ് വിഭാഗം ചവിട്ടുനാടകത്തിന്റെ മത്സരഫലത്തെച്ചൊല്ലിയുള്ള വിദ്യാർത്ഥികളുടെ പ്രതിഷേധം മേളയുടെ രണ്ടാംദിവസം കല്ലുകടിയായി.
പ ഞ്ചവാദ്യം മത്സരം കൊട്ടിക്കയറിയെങ്കിലും മത്സരാർത്ഥികൾ കുറവായിരുന്നു. എച്ച്.എസ് വിഭാഗത്തിൽ നാലും എച്ച്.എസ്.എസ് വിഭാഗത്തിൽ രണ്ടും ടീമുകളാണുണ്ടായിരുന്നത്. ഇന്നലെവരെ പത്ത് അപ്പീലുകളാണ് ലഭിച്ചത്. ചവിട്ടുനാടകം, പണിയനൃത്തം, സംഘഗാനം എന്നിവയ്ക്ക് രണ്ടുവീതവും ഭരതനാട്യം, ഉപന്യാസം, മാപ്പിളപ്പാട്ട്, ഓട്ടൻ തുള്ളൽ എന്നിവയ്ക്ക് ഒന്നുവീതവുമാണ് അപ്പീൽ ലഭിച്ചത്. സബ് ജില്ലയിൽ നിന്ന് അപ്പീൽ വാങ്ങി ഇതുവരെ 65 മത്സരാർത്ഥികളാണ് പങ്കെടുത്തത്. മൂന്നാംദിനമായ ഇന്ന് ജനകീയ ഇനങ്ങളായ സംഘനൃത്തവും, കുച്ചിപ്പുടിയും ഒപ്പനയും മോണോആക്ടും വിവിധവേദികളിലായിനടക്കും. ഇതിനൊപ്പം പരിചയമുട്ട് കളി, ഗ്രോതകലകളായ മലയപ്പുലയാട്ടം, മംഗലംകളി എന്നിവയുമുണ്ടാകും.
തുറവൂർ മുന്നിൽ
ആലപ്പുഴ: കലാമാമാങ്കത്തിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോൾ തുറവൂർ ഉപജില്ല 301 പോയിന്റോടെ ഒന്നാമതാണ്. 280 പോയിന്റുമായി ആലപ്പുഴയാണ് രണ്ടാം സ്ഥാനത്ത്. സ്‌കൂൾ വിഭാഗത്തിൽ മാന്നാർ നായർ സമാജം എച്ച്.എസ്.എസാണ് ഒന്നാമത്. 112 പോയിന്റ്. 108 പോയിന്റുമായി തുറവൂർ ടി.ഡി എച്ച്.എസ്.എസാണ് തൊട്ടുപിന്നിൽ. യു.പി വിഭാഗത്തിൽ കായംകുളം (61), ഹൈസ്കൂളിൽ ഹരിപ്പാട് (123), ഹയർസെക്കൻഡാറിയിൽ തുറവൂർ (150) ഉപജില്ലകളാണ് ഒന്നാമത്. ഉപജില്ലകളും പോയിന്റും മാവേലിക്കര- 279 ചേർത്തല- 278 കായംകുളം- 272 ചെങ്ങന്നൂർ- 271 7.ഹരിപ്പാട്-256 അമ്പലപ്പുഴ 234 തലവടി 202 മങ്കൊമ്പ് 168 വെളിയനാട് 48