ഓൺലൈൻ തട്ടിപ്പ്: യു.പിയിലെ പൊലീസുകാരൻ അറസ്റ്റിൽ

Wednesday 26 November 2025 2:03 AM IST

പത്തനംതിട്ട: ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് വൻ തട്ടിപ്പ് നടത്തിയ സംഘത്തിലെ സൂത്രധാരനായ ഉത്തർപ്രദേശ് സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥൻ സോനു (പ്രവീൺകുമാർ-36) അറസ്റ്റിൽ. ഉത്തർപ്രദേശ് പ്രതാപ്ഗർ ജില്ലയിലെ പൊലീസ് സൂപ്രണ്ടിന്റെ കോൾ സർവയലൻസ് ഓഫീസറായ കോൺസ്റ്റബിളാണ്. കേസിലെ ഒന്നാം പ്രതി അടൂർ സ്വദേശി ജോയൽ വി ജോസിനെയും സഹായിയായ രണ്ടാം പ്രതി ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി ഹിരാൽ ബെൻഅനൂജ് പട്ടേലിനെയും നേരത്തെ അറസ്റ്റുചെയ്തിരുന്നു

ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും മൊബൈൽ നമ്പരുകളുടെ ലൈവ് ലൊക്കേഷനുകളും കോൾ ഡേറ്റ റെക്കാർഡുകളും ചോർത്തിയെടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന കേസ് പത്തനംതിട്ട സൈബർ പൊലീസാണ് രജിസ്റ്റർ ചെയ്തത്. ജില്ലാ ക്രൈം റിക്കോർഡ്സ് ബ്യൂറോ ഡെപ്യൂട്ടി സൂപ്രണ്ട് ബിനു വർഗീസിന്റെ മേൽനോട്ടത്തിൽ പത്തനംതിട്ട സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സുനിൽ കൃഷ്ണൻ ബി കെ, സബ് ഇൻസ്‌പെക്ടർ ആശ, എ എസ് ഐ .ശ്രീകുമാർ സി.ആർ,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രാജേഷ്, പ്രസാദ്, സിവിൽ പൊലീസ് ഓഫീസർ സഫൂറാമോൾ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ നോർത്ത് ഈസ്റ്റ് ഡൽഹിയിൽ നിന്ന് അറസ്റ്റുചെയ്തത്.