എസ്.ഐ.ആർ സമ്മർദ്ദം, യു.പിയിൽ സൂപ്പർവൈസർ വിവാഹത്തലേന്ന് ജീവനൊടുക്കി
ഉത്തർപ്രദേശിൽ രണ്ട് മരണം
ന്യൂഡൽഹി: തീവ്ര വോട്ടർ പട്ടിക പരിഷ‌്‌കരണ (എസ്.ഐ.ആർ) ജോലിയുമായി ബന്ധപ്പെട്ട സമ്മർദ്ദത്തിൽ ഉത്തർപ്രദേശിൽ രണ്ട് പേർ ജീവനൊടുക്കി.
ജഹാനാബാദ് മണ്ഡലത്തിൽ നിയോഗിച്ച സൂപ്പർവൈസർ വിവാഹത്തലേന്ന് ജീവനൊടുക്കി. ഫത്തേഹ്‌പൂർ സ്വദേശി സുധീർ കുമാർ കോരിയാണ് (25) മരിച്ചത്. എസ്.ഐ.ആർ ജോലിയിലെ സമ്മർദ്ദമാണ് മരണത്തിനുകാരണമെന്ന് കുടുംബം ആരോപിച്ചു. അതേസമയം,
യു.പിയിലെ ഗോണ്ടയിൽ വിപിൻ യാദവ് എന്ന ബി.എൽ.ഒയെ വിഷം കഴിച്ച് മരിച്ച നിലയിലും കണ്ടെത്തി.
സിതാപ്പൂർ ഗ്രാമത്തിലെ കാജൾ എന്ന യുവതിയുമായി ഇന്നാണ് സുധീറിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. ഹൽദി, മെഹന്ദി ആഘോഷങ്ങൾ തുടങ്ങുകയും ബന്ധുക്കൾ ഒത്തുകൂടുകയും ചെയ്‌തു. എന്നാൽ വിവാഹത്തിനായി മേലധികാരി കനുംഗോ റവന്യൂ ഇൻസ്‌പെക്‌ടർ സുധീറിന് അവധി നൽകിയില്ല. ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും വീട്ടുകാർ പറയുന്നു. തിങ്കളാഴ്‌ച ഒരു ദിവസത്തേക്ക് സുധീറിനെ സസ്‌പെൻഡ് ചെയ്‌തിരുന്നു. ഇതിനിടെയാണ് ആത്മഹത്യ. ബന്ധുക്കളുടെ പരാതിയിൽ വിശദ അന്വേഷണം നടത്തുമെന്നും ഉചിതമായ നടപടിയെടുക്കുമെന്നും ജില്ലാ കളക്‌ടർ അറിയിച്ചു.
വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനായ വിപിൻ യാദവിനെ ഇന്നലെ രാവിലെയാണ് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. താരബ്ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. താരബ്ഗഞ്ച് എസ്.ഡി.എം, നവാബ്ഗഞ്ച് ബി.ഡി.ഒ, ലേഖ്പാൽ എന്നിവർ വിപിനെ ഉപദ്രവിച്ചെന്ന് ആരോപിക്കുന്ന വീഡിയോ ഭാര്യ സീമാ യാദവ് പുറത്തുവിട്ടിരുന്നു. ആരോപണങ്ങൾ തള്ളിയ ജില്ലാ ഭരണകൂടം കുടുംബ പ്രശ്‌നങ്ങളുടെ സമ്മർദ്ദമാണ് മരണകാരണമെന്ന് പ്രതികരിച്ചു.