ക്ഷേത്രത്തിൽ കയറാത്ത ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടത് ശരിവച്ചു

Wednesday 26 November 2025 12:38 AM IST

ന്യൂഡൽഹി: ക്രിസ്‌ത്യാനി ആയതിനാൽ ക്ഷേത്രത്തിലും ഗുരുദ്വാരയിലും കയറില്ലെന്ന് വാശിപിടിച്ച കരസേന ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട നടപടി ശരിവച്ച് സുപ്രീംകോടതി. റെജിമെന്റ് വളപ്പിലെ ക്ഷേത്രത്തിലും ഗുരുദ്വാരയിലും നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കില്ലെന്ന ലെഫ്റ്റ്. സാമുവേൽ കമലേശന്റെ നിലപാട് ഗുരുതര അച്ചടക്കലംഘനമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്,​ ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇന്ത്യൻ കരസേന മതേതരമാണ്. ഉദ്യോഗസ്ഥന്റെ മനോഭാവം ഇതാണെങ്കിൽ,​ പിന്നെയെന്താണ് പറയേണ്ടത്. സൈനികരുടെ വികാരങ്ങളെ മാനിക്കുന്നതിൽ സാമുവേൽ കമലേശൻ പരാജയപ്പെട്ടു. സേനയിൽ തുടരാൻ അർഹനല്ലെന്നും ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ ഹർജി തള്ളി.