ഹോം വർക്ക് ചെയ്തില്ല, എൽ.കെ.ജി വിദ്യാർത്ഥിയെ മരത്തിൽ കെട്ടിത്തൂക്കി
Wednesday 26 November 2025 12:38 AM IST
റായ്പൂർ: ഹോംവർക്ക് ചെയ്യാത്തതിന് എൽ.കെ.ജി വിദ്യാർത്ഥിയെ മരത്തിൽ കെട്ടിത്തൂക്കി അദ്ധ്യാപകരുടെ കൊടുംക്രൂരത.
ഛത്തീസ്ഗഢിലെ സൂരജ് പൂരിലെ സ്വകാര്യ സ്‌കൂളിൽ തിങ്കളാഴ്ചയാണ് സംഭവം. നാലു വയസുകാരന്റെ കൈകൾ രണ്ട് അദ്ധ്യാപികമാർ കയർ ഉപയോഗിച്ച് കെട്ടി മരക്കൊമ്പിൽ കെട്ടിത്തൂക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ ആയതോടെ വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടു. കാജൽ സാഹു, അനുരാധ ദേവങ്കൻ എന്നിവരെ സസ്‌പെൻഡ് ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. സംഭവം നടക്കുമ്പോൾ പരിസരത്തുണ്ടായിരുന്ന യുവാവാണ് ദൃശ്യങ്ങൾ പകർത്തിയത്. യുവാവിനെതിരെ അദ്ധ്യാപികമാർ ആക്രോശിക്കുനതും വീഡിയോയിൽ കാണാം. വിവാദമായതോടെ രക്ഷിതാക്കളും നാട്ടുകാരും സ്കൂളിനെതിരെ പ്രതിഷേധിച്ചു.