ഉമറിന്റെ സ്യൂട്ട്കേസ് 'മൊബൈൽ വർക്ക്ഷോപ്പ്'

Wednesday 26 November 2025 12:39 AM IST

ന്യൂഡൽഹി: ചെങ്കോട്ട സ്‌ഫോടനത്തിലെ ചാവേറായ ഡോ. ഉമർ ഉൻ നബി കൊണ്ടുനടന്നിരുന്ന സ്യൂട്ട്കേസ് ബോംബും മറ്റും നിർമ്മിക്കാൻ ആവശ്യമായ ഉപകരണങ്ങൾ അടങ്ങിയ മൊബൈൽ വർക്ക് ഷോപ്പായിരുന്നുവെന്ന് പൊലീസ്. കേസിൽ കസ്റ്റഡിയിലായ വൈറ്റ് കോളർ ഭീകര മൊഡ്യൂളിലെ മറ്റ് പ്രതികൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതാണിത്.

ചെറിയ കണ്ടെയ്‌നറുകളിലാക്കി സൂക്ഷിച്ച രാസസംയുക്തങ്ങളും ബോംബ് നിർമ്മാണത്തിനുള്ള ചില ഉപകരണങ്ങളും സ്യൂട്ട്കേസിലുണ്ടായിരുന്നു. ഫരീദാബാദിലെ അൽ-ഫലാ സർവകലാശാലയിൽ ജോലി ചെയ്തിരുന്ന ഉമർ, ഇംപ്രൊവൈസ്ഡ് സ്‌ഫോടകവസ്തു (ഐ.ഇ.ഡി) നിർമ്മിക്കാൻ ഉപയോഗിച്ച രാസ സംയുക്തം ഉപയോഗിച്ച് ക്യാമ്പസിലെ മുറിയിൽ പരീക്ഷണം നടത്തിയെന്നും കസ്റ്റഡിയിലുള്ള മുസാമിൽ ഷക്കീൽ പറഞ്ഞു. ആണവ ശാസ്‌ത്രജ്ഞനാകാൻ തക്ക വിവരമുള്ള ആളായിരുന്നു ഉമറെന്നും ഷക്കീൽ പറയുന്നു. ഉമറിന്റെ സ്യൂട്ട്കേസിൽ നിന്ന് പൊലീസ് ഇത്തരം ഉപകരണങ്ങൾ കണ്ടെത്തിയിരുന്നു. ഒമ്പത് ഭാഷകൾ സംസാരിച്ച ഉമർ ഭീകര മൊഡ്യൂളിന്റെ 'അമീർ" എന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്.

ഐ.ഇ.ഡി നിർമ്മാണത്തിന് ഉപയോഗിച്ച യൂറിയ ഹരിയാന നുഹ്-മേവാത് മേഖലയിൽ നിന്നാണ് കൊണ്ടുവന്നതെന്നും പൊലീസ് സ്ഥിരീകരിച്ചു. ഹരിയാനയിൽ നിന്ന് പിടിച്ചെടുത്ത സ്ഫോടകവസ്തുക്കൾ ജമ്മു കശ്മീരിലെത്തിച്ച് വൻ പദ്ധതി നടപ്പാക്കാൻ ഉമർ ലക്ഷ്യമിട്ടിരുന്നതായും വിവരം ലഭിച്ചു.