സുബീൻ ഗാർഗിന്റെ മരണം, കൊലപാതകമെന്ന് അസാം  മുഖ്യമന്ത്രി 

Wednesday 26 November 2025 12:39 AM IST

 കാരണം ‌ഞെട്ടിക്കുന്നത്

ഗുവാഹത്തി: ഗായകൻ സുബീൻ ഗാർഗിന്റേത് അപകട മരണമല്ലെന്നും കൊലപാതകമാണെന്നും അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. മനഃപൂർവമല്ലാത്ത നരഹത്യയല്ലെന്നും ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്നും പ്രാഥമികാന്വേഷണത്തിൽ തന്നെ അസാം പൊലീസ് സ്ഥിരീകരിച്ചതാണെന്നും

പറഞ്ഞു. അസാം നിയമസഭയിൽ സുബീൻ ഗാർഗിന്റെ മരണത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു ഹിമന്ത ബിശ്വ ശർമ്മ. കുറ്റകൃത്യത്തിനുപിന്നിലെ കാരണം ജനങ്ങളെ ഞെട്ടിക്കുമെന്ന് പറഞ്ഞ അദ്ദേഹം കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയില്ല. 'പ്രതികളിലൊരാൾ ഗാർഗിനെ കൊലപ്പെടുത്തി. മറ്റുള്ളവർ സഹായിച്ചു. അഞ്ച് പേർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. ലളിതമായി നടപ്പാക്കിയ കൊലപാതകമാണിത്. പഴുതടച്ചാണ് കുറ്റപത്രം തയ്യാറാക്കിയത് "- ഹിമന്ത പറഞ്ഞു.

ഏഴ് അറസ്റ്റ്

അസാം സി.ഐ.ഡിക്ക് കീഴിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. സുബീന്റെ മാനേജർ സിദ്ധാർത്ഥ് ശർമ്മ, ഫെസ്റ്റ് സംഘാടകൻ ശ്യാംകാനു മഹന്ത,​സുബീന്റെ ബന്ധുവും ഡി.എസ്.പിയുമായ സന്ദീപൻ ഗാർഗ്,​ സുബീന്റെ ബാൻഡ്‌മേറ്റ് ശേഖർ ജ്യോതി ഗോസ്വാമി എന്നിവരുൾപ്പെടെ ഏഴുപേരെ ഇതുവരെ അറസ്റ്റ് ചെയ്തു. 252 സാക്ഷികളുടെ മൊഴിയെടുത്തു.മരണവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളും ഇതിനോടകം ഉയർന്നിട്ടുണ്ട്. സഹായികളുടെ അശ്രദ്ധ മുതൽ 52 കാരനായ സുബീന് വിഷം നൽകിയതാണെന്നു വരെ പറയപ്പെടുന്നു. സെപ്തംബർ 19നാണ് നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ പരിപാടിക്കായി സിംഗപ്പൂരിലെത്തിയ സുബീൻ സ്‌കൂബ ഡൈവിംഗിനിടെയാണ് മരണപ്പെടുന്നത്. ബോധരഹിതനായ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.