പാക് വ്യോമാക്രമണം: അഫ്ഗാനിൽ 10 മരണം

Wednesday 26 November 2025 7:20 AM IST

 ഒമ്പത് പേരും കുട്ടികൾ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ വീണ്ടും പ്രകോപനം സൃഷ്ടിച്ച് പാകിസ്ഥാന്റെ വ്യോമാക്രമണം. ഒമ്പത് കുട്ടികളടക്കം പത്ത് പേർ കൊല്ലപ്പെട്ടെന്നും തിരിച്ചടി നൽകുമെന്നും അഫ്ഗാനിലെ താലിബാൻ ഭരണകൂടം അറിയിച്ചു. പാകിസ്ഥാൻ തങ്ങളുടെ പരമാധികാരം ലംഘിച്ച് സംഘർഷങ്ങൾ സൃഷ്ടിക്കുകയാണെന്നും വ്യക്തമാക്കി.

തിങ്കളാഴ്ച അർദ്ധ രാത്രി തുടങ്ങിയ ആക്രമണം ഇന്നലെ പുലർച്ചെ വരെ തുടർന്നു. അതിർത്തിയോട് ചേർന്ന ഖോസ്ത്, കുനാർ, പക്തിക പ്രവിശ്യകളെയാണ് ലക്ഷ്യമാക്കിയത്. ഖോസ്തിലെ മുഗർഗായ് മേഖലയിലെ ഒരു വീട് തകർന്നാണ് 9 കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടത്. പക്തിക, കുനാർ പ്രവിശ്യകളിലായി നാല് പേർക്ക് പരിക്കേറ്റു. പാക് സർക്കാരിനെ താഴെയിറക്കാൻ ലക്ഷ്യമിടുന്ന തെഹ്‌രിക് - ഇ - താലിബാൻ പാകിസ്ഥാൻ (ടി.ടി.പി) ഗ്രൂപ്പിന്റെ ഒളിസങ്കേതങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് റിപ്പോർട്ട്.

അതേ സമയം, ആക്രമണം നടത്തിയിട്ടില്ലെന്നാണ് പാക് സൈന്യത്തിന്റെ ഔദ്യോഗിക പ്രതികരണം. പാക് പ്രകോപനം, അഫ്ഗാനുമായി ഒക്ടോബർ ആദ്യം മുതൽ നിലനിൽക്കുന്ന അതിർത്തി സംഘം രൂക്ഷമാകാൻ ഇടയാക്കും. പാകിസ്ഥാനും അഫ്ഗാനിസ്ഥാനുമിടെയിൽ ശാശ്വത വെടിനിറുത്തലിന് ഖത്തറും തുർക്കിയും ശ്രമം തുടരുന്നതിനിടെയാണിത്.

 തള്ളി പാകിസ്ഥാൻ

താലിബാന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തങ്ങൾ ആക്രമിച്ചാൽ അത് പരസ്യമായിട്ടായിരിക്കുമെന്നും പാക് സൈനിക വക്താവ് അഹ്‌മ്മദ് ഷെരീഫ് ചൗധരി പറഞ്ഞു. അഫ്ഗാനിൽ നിന്ന് പാകിസ്ഥാനെതിരെ ആക്രമണം നടത്തുന്ന തീവ്രവാദികൾക്കെതിരെ നടപടി സ്വീകരിക്കാത്ത പക്ഷം അവരുമായി ചർച്ചകൾക്കില്ലെന്നും ചൗധരി കൂട്ടിച്ചേർത്തു. നവംബർ 11ന് ഇസ്ലാമാബാദിലുണ്ടായ ചാവേർ ആക്രമണത്തിന് പിന്നിൽ അഫ്ഗാനിലുള്ള ടി.ടി.പി നേതാക്കളാണെന്നും പാകിസ്ഥാൻ ആരോപിക്കുന്നു. അഫ്ഗാൻ ഇത് നിഷേധിക്കുന്നു.