വിശപ്പില്ലായ്മയും ക്ഷീണവും ഉണ്ടോ? നിസാരമായി കാണരുത്

Wednesday 26 November 2025 10:45 AM IST

കാലാവസ്ഥയി​ലെ സ്ഥി​രതയി​ല്ലായ്മയും വാക്സിനേഷനിലെ മാറ്റവും ആശങ്കയുണ്ടാക്കും വി​ധം മുണ്ടി​നീര് വ്യാപനത്തി​ന് വഴി​യൊരുക്കുന്നു. നവംബർ ഒന്ന് മുതൽ കഴിഞ്ഞ ദിവസം വരെ 202 പേർക്ക് കൊല്ലത്ത് രോഗം സ്ഥിരീകരിച്ചു. മൈനാഗപ്പള്ളി, ശൂരനാട്, തേവലക്കര എന്നി​വി​ടങ്ങളി​ലാണ് രോഗവ്യാപനം കൂടുതൽ. ഇവി​ടങ്ങളി​ലെ നി​രവധി​ സ്കൂളുകളുടെ പ്രവർത്തനം താത്കാലികമായി നിറുത്തിവച്ചു. ആരോഗ്യ വിഭാഗത്തിന്റെ നി​ർദ്ദേശത്തെ തുടർന്നാണ് നടപടി.

നേരത്തെ കുട്ടികൾക്ക് അഞ്ചാംപനി, മുണ്ടിനീര്, റൂബല്ല എന്നിവയെ പ്രതിരോധിക്കാനുള്ള എം.എം.ആർ വാക്സിനാണ് നൽകിയിരുന്നത്. എന്നാലിപ്പോൾ അഞ്ചാംപനി, റൂബല്ല (എം.ആ‌ർ) വാക്സിനാണ് നൽകുന്നത്. ഇതാണ് രോഗവ്യാപനത്തിന്റെ പ്രധാന കാരണമായി അധികൃതർ കാണുന്നത്. മിക്‌സോ വൈറസ് പരൊറ്റിഡൈറ്റിസ് എന്ന വൈറസാണ് രോഗം പടർത്തുന്നത്. രോഗിയിൽ നിന്ന് മറ്രൊരാളിലേക്ക് വായുവിലൂടെ പടർന്ന് ഉമിനീർ ഗ്രന്ഥികളെയാണ് ബാധിക്കുന്നത്. അഞ്ചുമുതൽ മുതൽ 15 വയസ് വരെയുള്ള കുട്ടികളിലാണ് രോഗം കൂടുതലായി കാണുന്നത്. മുതിർന്നവരിൽ ഗുരുതരമാകും.

ലക്ഷണങ്ങൾ

  • ചെറിയ പനിയും തലവേദനയും പ്രാരംഭ ലക്ഷണം.
  • വായ തുറക്കാനും ചവയ്ക്കാനും വെള്ളമിറക്കാനും പ്രയാസം
  • വിശപ്പില്ലായ്മയും ക്ഷീണവും
  • രോഗിയുടെ ചുമ, തുമ്മൽ, മൂക്കിൽ നിന്നുള്ള സ്രവം എന്നിവ രോഗം പരത്തും

തുടക്കത്തിലെ ചികിത്സിക്കണം

  • തലച്ചോർ, വൃഷണം, അണ്ഡാശയം, ആഗ്‌നേയ ഗ്രന്ഥി , പ്രോസ്റ്റേറ്റ് എന്നീ ശരീര ഭാഗങ്ങളെ രോഗം ബാധിക്കുന്നു
  • പ്രാരംഭത്തിലേ ചികിത്സിച്ചില്ലെങ്കിൽ ഭാവിയിൽ വന്ധ്യതയ്ക്ക് സാദ്ധ്യത
  • തലച്ചോറിനെ ബാധിച്ചാൽ എൻസഫലൈറ്റിസ് എന്ന അവസ്ഥ ഉണ്ടാകാം. ഇത് മരണ കാരണമാകാം
  • രോഗം തിരിച്ചറിയുമ്പോഴേക്കും മറ്റുള്ളവരിലേക്ക് പകർന്നിട്ടുണ്ടാവാം

വിശ്രമം അനിവാര്യം

അസുഖം പൂർണമായും മാറുന്നത് വരെ വിശ്രമിക്കണം. രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കണം. രോഗികളായ കുട്ടികളെ സ്‌കൂളിൽ വിടരുത്. രോഗി ഉപയോഗിച്ച വസ്തുക്കൾ അണുവിമുക്തമാക്കണം. സാധാരണയായി ഒന്നു രണ്ട് ആഴ്ചയ്ക്കുള്ളിൽ രോഗം ഭേദമാകും.