വീടിനുള്ളിൽ ദമ്പതികൾ മരിച്ചനിലയിൽ; ദുരൂഹമായി ലിപ്‌സ്റ്റ‌ിക്കിലെഴുതിയ ആത്മഹത്യാക്കുറിപ്പ്

Wednesday 26 November 2025 11:39 AM IST

ബിലാസ്‌പൂർ(ഛത്തീസ്ഗഢ്): വീടിനുള്ളിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി. ഛത്തീസ്ഗഢിലെ അതൽ ആവാസ് കോളനിയിലാണ് സംഭവം. 30 കാരിയായ ശിവാനി താംബെ (അലിസ് നെഹാ) കിടക്കയിൽ മരിച്ച നിലയിലും ഭർത്താവ് രാജ് താംബെ ഫാനിൽ തൂങ്ങിനിൽക്കുന്ന നിലയിലുമായിരുന്നു.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രാജ് താംബെ ആത്മഹ്യചെയ്തതാകാമെന്ന് ആദ്യം കരുതിയെങ്കിലും ഭിത്തിയിൽ ലിപ്‌സ്റ്റ‌ിക്കിൽ എഴുതിയ സന്ദേശങ്ങൾ മരണം ദുരൂഹമാക്കി. സന്ദേശങ്ങളിൽ രാജേഷ് വിശ്വാസ് എന്ന വ്യക്തിയുടെ പേരും ഫോൺ നമ്പരും ഉണ്ടായിരുന്നു. രാജേഷ് വിശ്വാസാണ് തങ്ങളുടെ മരണത്തിന് കാരണമെന്നും അതിൽ ആരോപിക്കുന്നുണ്ട്. 'കുട്ടികളേ, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു' എന്നെഴുതിയ കുറിപ്പും കണ്ടെടുത്തു. ഭാര്യയുടെ ഫോൺ കോളുകളിൽ രാജ് താംബെയ്‌ക്ക് സംശയമുണ്ടായിരുന്നതായി സന്ദേശങ്ങളിൽ നിന്ന് വ്യക്തമാണ്.

ദമ്പതികൾക്കിടയിൽ വഴക്ക് പതിവായിരുന്നെന്ന് അയൽക്കാർ പറയുന്നു. പത്തു വർഷം മുൻപാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്. സ്വകാര്യ കമ്പനിയിൽ ശുചീകരണതൊഴിലാളികളായിരുന്ന ദമ്പതികൾക്ക് മൂന്നു കുട്ടികളുണ്ട്. വീട്ടിൽ ആളനക്കമില്ലെന്നറിഞ്ഞ് ശിവാനിയുടെ അമ്മ എത്തിയപ്പോൾ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ ചവിട്ടിത്തുറന്ന് അകത്തുകയറിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഫോറൻസിക് പരിശോധനയിൽ ശിവാനിയുടെ കഴുത്തിൽ നഖപ്പാടുകൾ കണ്ടെത്തി. ശിവാനിയെ ശ്വാസം മുട്ടിച്ച് കൊന്നതിന് ശേഷം രാജ് ആത്മഹത്യ ചെയ്‌തതാകാമെന്ന് പൊലീസ് സംശയിക്കുന്നു. ലിപ്‌സ്‌റ്റിക്കിലെഴുതിയ സന്ദേശങ്ങൾക്കുപുറമെ ആത്മഹത്യാ കുറിപ്പും ലഭിച്ചിട്ടുണ്ട്. രണ്ടിലും ഒരേ കാര്യങ്ങളാണ് ആരോപിക്കുന്നത്. കേസുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.