പൊട്ടിയ മുട്ടയും പുഴുങ്ങിയെടുക്കാം; ചപ്പാത്തിക്കൊപ്പവും ചോറിനൊപ്പവും ഒരുപോലെ കഴിക്കാനാകുന്ന അടിപൊളി വിഭവം
പുഴുങ്ങിയ മുട്ട ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുമെന്ന് നമുക്ക് അറിയാം. എന്നാൽ അതിന്റെ തോട് കളയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കൂടാതെ മുട്ട ചെറുതായെങ്കിലും പൊട്ടിയിട്ടുണ്ടങ്കിൽ അത് പുഴുങ്ങാൻ സാധിക്കുകയുമില്ല. എന്നാൽ ഈ രണ്ടു പ്രശ്നങ്ങൾക്കും പരിഹാരമുണ്ട്. ഇനി മുതൽ പൊട്ടിയ മുട്ടയും പുഴുങ്ങിയെടുക്കാം.
ഇഡലി തട്ടിനുള്ളിൽ മുട്ട പൊട്ടിച്ചൊഴിച്ച് വേവിച്ചെടുക്കുന്ന പാചക രീതി ഇന്ന് പലരും പരീക്ഷിക്കുന്നുണ്ട്. നമുക്ക് ഇഷ്‌ടമുള്ള മസാലകൾ ചേർത്ത് മുട്ട പുഴുങ്ങിയെടുക്കാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം. മസാലയും മല്ലിയിലയുമൊക്കെ ചേർത്ത് പുഴുങ്ങിയെടുക്കുന്ന മുട്ട ചെറിയ കഷ്‌ണങ്ങളാക്കിയോ അതുപോലെ തന്നെയോ മറ്റ് കറികൾക്കൊപ്പം ചേർത്തോ ഉപയോഗിക്കാം. അത്തരത്തിൽ തയ്യാറാക്കുന്ന പലതരം വിഭവങ്ങളുടെ പാചക കുറിപ്പുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
വേറിട്ടൊരു ചപ്പാത്തിക്കറി
ആദ്യം ഇഡലിതട്ടിൽ മല്ലിയില ചെറുതായി അരിഞ്ഞതിലേക്ക് മുട്ടയുടെ മഞ്ഞ ഉടയാതെ പൊട്ടിച്ചൊഴിച്ച് വേവിച്ച് മാറ്റി വയ്‌ക്കുക (ആവശ്യമെങ്കിൽ വേവിക്കുന്ന സമയം ഇതിലേക്ക് അൽപം ഉപ്പ് ചേർക്കാം). പിന്നീട് ഒരുപാനിൽ എണ്ണ ചൂടാക്കി കടുക്, ഉഴുന്നുപരിപ്പ് എന്നിവ വറുത്തശേഷം അതിലേക്ക് അരിഞ്ഞുവച്ച ഉള്ളി, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർക്കുക. ഈ ചേരുവകൾ ഒരുമിച്ച് വഴറ്റിയ ശേഷം അതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന തക്കാളി ചേർത്ത് യോജിപ്പിക്കാം. തുടർന്ന്, മല്ലിപ്പൊടി, ഗരം മസാല, മഞ്ഞൾപ്പൊടി, മുളകുപൊടി തുടങ്ങിയ മസാലകൾക്കൊപ്പം ഉപ്പും ചേർത്ത് വഴറ്റണം. തുടർന്ന് ഇതിലേക്ക് അല്പം വെള്ളം കൂടി ചേർത്ത് കുറിക്കെയെടുക്കണം. പിന്നീട് ഇതിലേക്ക് ഇഡലി തട്ടിൽ വേവിച്ച് വച്ച മുട്ട ഓരോന്നായി ചേർത്ത് പൊടിഞ്ഞ് പോകാതെ യോജിപ്പിച്ച് ചപ്പാത്തിക്കൊപ്പം വിളമ്പാം. ചോറിനൊപ്പവും ഈ കറി ഉപയോഗിക്കാം.