സിദ്ധരാമയ്യയോ ഡികെ ശിവകുമാറോ? കർണാടകയിൽ കോൺഗ്രസിന് ആശങ്ക, ഡിസംബർ ഒന്നിന് മുമ്പ് അറിയാം

Wednesday 26 November 2025 12:42 PM IST

ബംഗളൂരു: കർണാടകയിൽ പോര് മുറുകുകയാണ്. മുഖ്യമന്ത്രി കസേരയിൽ സിദ്ദരാമയ്യ തുടരുമോ? അതോ ഡികെ ശിവകുമാർ എത്തുമോ എന്ന അഭ്യൂഹങ്ങൾ ശക്തമാകുകയാണ്. വിഷയത്തിൽ ഹൈക്കമാൻഡ് തീരുമാനം പാർലമെന്റ് ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് കൈക്കൊള്ളുമെന്നാണ് വിവരം. ഡിസംബർ ഒന്നിന് ആരംഭിക്കുന്ന ശീതകാല സമ്മേളനത്തിന് മുമ്പ് തീരുമാനം പുറത്തുവരുമെന്നാണ് മുതിർന്ന നേതാക്കളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.

കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. നിർണായക ചർച്ച ഇന്നോ നാളെയോ നടന്നേക്കും. ആഴ്ചകളായി നിലനിൽക്കുന്ന ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ നേതൃത്വം ശ്രമിക്കുകയാണ്. ഈ സാഹചര്യത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെയും നവംബർ 28, 29 തീയതികളിൽ ഡൽഹിയിലേക്ക് വിളിപ്പിക്കാൻ സാദ്ധ്യതയുണ്ട്.

വിഷയത്തിൽ നേതാക്കളുടെ പരസ്യ പ്രസ്താവനയിൽ മല്ലികാർജുൻ ഖാർഗെ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ദക്ഷിണേന്ത്യയിൽ പാർട്ടിക്ക് അധികാരമുള്ള ഒരേയൊരു സംസ്ഥാനത്ത് ഉടലെടുത്ത ആഭ്യന്തര പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കാനാണ് ഹൈക്കമാൻഡ് ശ്രമിക്കുന്നത്. പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് ഇതിൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാർച്ച് വരെയെങ്കിലും നിലവിലെ സ്ഥിതി നിലനിർത്താൻ സിദ്ധരാമയ്യ ക്യാമ്പ് ശ്രമിക്കുന്നത്. എന്നാൽ ഡികെ ശിവകുമാറിനെ പിന്തുണയ്ക്കുന്നവർ സംസ്ഥാനത്ത് ഒരു പരിവർത്തന പദ്ധതിയാണ് ആവശ്യപ്പെടുന്നത്. ഡികെ ശിവകുമാറിന്റെ മുഖ്യമന്ത്രി പദവി 2023 ലെ സർക്കാർ രൂപീകരണ സമയത്ത് അനൗപചാരികമായി അംഗീകരിച്ചതാണെന്ന് അവർ വാദിക്കുന്നു. എന്നാൽ ഇതിൽ ആത്യന്തികമായി തീരുമാനം കൈക്കൊള്ളേണ്ടത് രാഹുൽ ഗാന്ധിയും പാർട്ടിയുടെ ഉന്നത നേതൃത്വവുമാണ്.

കൂടുതൽ എംഎൽഎമാരുടെ പിന്തുണയുള്ള സിദ്ധരാമയ്യയെ മാറ്റുന്നത് പ്രായോഗികമല്ലെന്നാണ് ഹൈക്കമാൻഡ് നിലപാട്. അതുകൊണ്ട് സിദ്ധരാമയ്യ മുഖ്യമന്ത്രി കസേരയിൽ തുടരാനുള്ള സാദ്ധ്യതകൾ ഏറെയാണ്. എന്നാൽ രാംനഗര എംഎൽഎ ഇഖ്ബാൽ ഹുസൈനെപ്പോലുള്ള ഡികെയുടെ വിശ്വസ്തർ ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം പരസ്യ പ്രസ്താവനകളും ഊഹാപോഹങ്ങളും പാർട്ടിയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്.

വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി പദം ആദ്യം സിദ്ധരാമയ്യ പിന്നീട് താൻ എന്ന ധാരണയിലാണ് കർണാടകയിൽ കോൺഗ്രസ് സർക്കാർ രൂപീകരിച്ചതെന്ന് ശിവകുമാർ പറയുന്നത്. രണ്ടര കൊല്ലം പിന്നിട്ടതിനാൽ വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി പദം നൽകണമെന്ന് ആവശ്യം. ഇതിനിടെ, പദവി ലഭിക്കുമെന്ന് എഴുതി നൽകണമെന്ന് എംഎൽഎമാർ വഴി ഹൈക്കമാൻഡിനെ ശിവകുമാർ അറിയിച്ചിട്ടുണ്ട്. ശിവകുമാറിന്റെ നടപടി കർണാടക കോൺഗ്രസിനെ ദുർബലപ്പെടുത്തുമെന്ന് ബംഗളൂരുവിൽ മല്ലികാർജ്ജുൻ ഖാർഗെയെ കണ്ട സിദ്ധരാമയ്യ അറിയിച്ചിരുന്നു.

തർക്കത്തിൽ മദ്ധ്യസ്ഥത വഹിക്കുന്ന മലയാളിയും കർണാടക ഊർജ്ജ മന്ത്രിയുമായ കെ.ജെ. ജോർജ്ജ് സിദ്ധരാമയ്യയെ കണ്ടിരുന്നു. പിന്നാലെ ഡി.കെ. ശിവകുമാർ ജോർജുമായി കൂടിക്കാഴ്ച നടത്തി. മാർച്ചിലെ സംസ്ഥാന ബഡ്ജറ്റ് സമ്മേളനം വരെ ക്ഷമിക്കാൻ ജോർജ്ജ് ഉപദേശിച്ചതായി അറിയുന്നു. സിദ്ധരാമയ്യ ശിവകുമാർ വടംവലി പുരോഗമിക്കുന്നതിനിടെ മുഖ്യമന്ത്രിക്കസേരയ്ക്കായി ആഭ്യന്തരമന്ത്രിയും ദളിത് നേതാവുമായ ജി. പരമേശ്വരയും നീക്കം തുടങ്ങിയിട്ടുണ്ട്.