32 വയസുവരെ കൗമാരം; നമ്മൾ കരുതിയ ആളല്ല തലച്ചോറ്, മനുഷ്യന്റെ തലച്ചോറിന് അഞ്ച് ഘട്ടങ്ങൾ ഉണ്ടെന്ന് പഠനം
മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണ് തലച്ചോർ. മനുഷ്യതലച്ചോറിനെക്കുറിച്ചുള്ള പഠനങ്ങൾ ഇന്നും തുടരുകയാണ്. ഇപ്പോഴിതാ കേംബ്രിഡ്‌ജ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ അടുത്തിടെ തലച്ചോറിനെക്കുറിച്ച് നടത്തിയ പഠന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. തലച്ചോർ അഞ്ച് വ്യത്യസ്ത ഘട്ടങ്ങളിലൂടെ കടന്നുപോകുന്നുവെന്നാണ് ഈ പഠനത്തിൽ പറയുന്നത്. ഒൻപത്, 32, 66, 83 വയസുകളിലാണ് തലച്ചോറിന്റെ മാറ്റത്തിന്റെ നിർണായക പ്രായങ്ങൾ. 90 വയസുവരെയുള്ള നാലായിരത്തോളം പേരുടെ തലച്ചോർ സ്കാൻ ചെയ്താണ് പഠനം നടത്തിയത്. തലച്ചോറിന്റെ കൗമാരം 32 വയസുവരെ നീളുന്നുവെന്നാണ് ഈ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.
അഞ്ചുഘട്ടങ്ങൾ
ജീവിതയാത്രയിൽ നാം ആർജിക്കുന്ന പുതിയ അറിവുകൾക്കും അനുഭവങ്ങൾക്കും പ്രതികരണമായി മസ്തിഷ്കം നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. പക്ഷേ അത് ജനനം മുതൽ മരണംവരെയുള്ള ഒരു സുഗമമായ പാറ്റേൺ അല്ല. അതിന് കൃത്യമായ അഞ്ചുഘട്ടങ്ങളുണ്ടെന്നാണ് പഠനം പറയുന്നത്. ആ ഘട്ടങ്ങളെ ശാസ്ത്രജ്ഞർ തിരിച്ചിരിക്കുന്നത് എങ്ങനെയെന്ന് നോക്കാം.
- ബാല്യം - ജനനം മുതൽ ഒൻപതുവയസുവരെ
- കൗമാരം -ഒമ്പത് മുതൽ 32 വയസുവരെ
- യൗവനം - 32 മുതൽ 66 വയസുവരെ
- വാർദ്ധക്യത്തിന്റെ ആദ്യഘട്ടം - 66 മുതൽ 83 വയസുവരെ
- വാർദ്ധക്യത്തിന്റെ അന്ത്യഘട്ടം - 83 മുതൽ
ഒരാളുടെ മരണംവരെ തലച്ചോറ് മാറിക്കൊണ്ടേയിരിക്കുന്നു. മസ്തിഷ്കം വീണ്ടുംവീണ്ടും മാറുന്നത് ഈ ഘട്ടങ്ങളിലും ചില ഏറ്റക്കുറച്ചിൽ ഉണ്ടാക്കുന്നതായി ഗവേഷകരിൽ ഒരാളായ ഡോ. അലക്സാ മൗസ്ലി പറയുന്നു. ചിലരിൽ ഈ ഘട്ടങ്ങൾ ഇതിൽ പറയുന്നതിലും നേരത്തേയാകാം. ചിലരിൽ താമസിച്ചും. എന്നാൽ ഈ ഘട്ടങ്ങൾക്കിടയിലാണ് മാറ്റം വ്യക്തമായി പ്രകടമാകുന്നതെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
ബാല്യം
തലച്ചോറിന്റെ ആദ്യഘട്ടം ആരംഭിക്കുന്നത് ബാല്യകാലത്താണ്. ആ സമയത്ത് തലച്ചോറിന്റെ വലിപ്പം അതിവേഗം വർദ്ധിക്കുന്നു. ഈ ഘട്ടത്തിൽ തലച്ചോറിന്റെ കാര്യക്ഷമത കുറവായിരിക്കും. പ്രത്യേക ലക്ഷ്യമില്ലാതെ പാർക്കിൽ തുള്ളിക്കളിച്ചുനടക്കുന്ന ഒരു കുട്ടിയെപ്പോലെയായിരിക്കും തലച്ചോറിന്റെ പ്രവർത്തനം.
കൗമാരം
തലച്ചോറിന് വലിയ മാറ്റം സംഭവിക്കുന്ന ഘട്ടമാണ് കൗമാരമെന്ന് ഗവേഷകർ പറയുന്നു. മാനസികാരോഗ്യപ്രശ്നങ്ങൾ ആരംഭിക്കാൻ ഏറ്റവും സാദ്ധ്യതയുള്ള ഘട്ടമാണിതെന്നും ഡോ. അലക്സാ മൗസ്ലി പറയുന്നു. ഈ ഘട്ടത്തിലാണ് കൂടുതലായി തലച്ചോറിന്റെ ന്യൂറോൺശൃംഖലകൾ ക്ഷമതയാർജിക്കുന്നത്. ഒമ്പതുമുതൽ 32വരെയുള്ള ഘട്ടത്തിൽ തലച്ചോർ കൗമാരത്തിൽ തന്നെ നിലക്കൊള്ളുന്നു. മുൻകാല പഠനങ്ങൾ കൗമാരത്തെ ഇരുപതുകളിൽ നിർത്തുന്നു. എന്നാൽ ഈ പുതിയ പഠനത്തിൽ കൗമാരം മുപ്പതുകളുടെ ആരംഭം വരെ തുടരുന്നതായി പറയുന്നുവെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.
യൗവനം
32 മുതൽ 66 വരെയുള്ള ഈ ഘട്ടത്തിൽ കൗമരത്തിലേതിനെക്കാൾ സാവധാനമാണ് തലച്ചോറിന്റെ മാറ്റം സംഭവിക്കുന്നത്. തലച്ചോറിന്റെ ക്ഷമതയിലുള്ള മികവ് കുറഞ്ഞുതുടങ്ങുന്ന സമയം. വ്യക്തിയുടെ ബുദ്ധിശക്തിയും വ്യക്തിത്വവുമനുസരിച്ച് മാറ്റം വ്യത്യാസപ്പെട്ടിരിക്കുന്നു.
വാർദ്ധക്യത്തിന്റെ ആദ്യഘട്ടം
66 -ാം വയസിൽ വാർദ്ധക്യത്തിന്റെ ആദ്യഘട്ടം ആരംഭിക്കുന്നു. തലച്ചോർ ക്ഷീണിച്ചുതുടങ്ങുമെങ്കിലും മാറ്റം പെട്ടെന്നുണ്ടാകില്ല. പകരം തലച്ചോറ് അതിന്റെ ശൃംഖലകളുമായി ആശയവിനിമയം നടത്തുന്ന രീതി പതുക്കെ മാറ്റാൻ തുടങ്ങുന്നു. ഒരു ഏകീകൃത സംവിധാനമായി പ്രവർത്തിക്കുന്നതിനുപകരം അത് ചെറിയ ക്ലസ്റ്ററുകളായി വിഭജിക്കാൻ തുടങ്ങുന്നു. ഒരു സംഗീത ബാൻഡിലെ അംഗങ്ങൾ ഒറ്റയ്ക്ക് പരിപാടി അവതരിപ്പിക്കുന്നതുപോലെയാണ് ഇതെന്നും ഗവേഷകർ പറയുന്നു. തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഡിമെൻഷ്യയും രക്തസമ്മർദ്ദവും കൂടുതലായി ഉണ്ടാകുന്നത് ഈ ഘട്ടത്തിലാണ്.
വാർദ്ധക്യത്തിന്റെ അന്ത്യഘട്ടം
83 വയസാകുമ്പോൾ തലച്ചോർ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. പഠനത്തിനായി എൺപതിന് മുകളിൽ പ്രായമുള്ള ആരോഗ്യമുള്ള ആളുകളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നുവെന്നും ഗേവഷകർ പറയുന്നു. വാർദ്ധക്യത്തിന്റെ ആദ്യഘട്ടത്തിലേതിന് സമാനമായ മാറ്റങ്ങൾ തന്നെയാണ് ഈ ഘട്ടത്തിലും ഉണ്ടാകുന്നത്. ഈ ഘട്ടത്തിൽ തലച്ചോറിന്റെ ശൃംഖലകൾ അകന്നുപോകുകയും ചെറുതും ഇടുങ്ങിയതുമായ ഗ്രൂപ്പുകളിൽ പ്രവർത്തിക്കുകയും ചെയ്യുന്നു.