'അധികം പഠിക്കാത്തതിൽ സങ്കടമില്ല, അതുപോലൊരു വേഷം ചെയ്യണം'; സിനിമയിലേക്കുളള തിരിച്ചുവരവിനെക്കുറിച്ച് സംയുക്ത

Wednesday 26 November 2025 2:41 PM IST

മലയാളികളുടെ പ്രിയങ്കരിയായ നായികയാണ് സംയുക്ത വർമ്മ. സിനിമയിൽ സജീവമായിരുന്ന താരം വിവാഹശേഷം അഭിനയത്തിൽ നിന്ന് നീണ്ട ഇടവേളയെടുത്തിരിക്കുകയാണ്. നടൻ ബിജു മേനോനാണ് സംയുക്തയുടെ ഭർത്താവ്. സംയുക്തയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിനായി ആരാധകർ ഇപ്പോഴും കാത്തിരിക്കുകയാണ്. അതിനിടയിലാണ് താരത്തിന്റെ ഒരു പഴയകാല അഭിമുഖം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. സിനിമയെക്കുറിച്ചുള്ള തന്റെ തെറ്റായധാരണയെക്കുറിച്ചും സംയുക്ത തുറന്നുപറഞ്ഞിട്ടുണ്ട്.

'സിനിമയിലേക്ക് വരുന്നതിന് മുൻപ് ഞാൻ മോഡലിംഗ് ചെയ്തിട്ടുണ്ടായിരുന്നു. അഭിനയിക്കണമെന്ന് ഒരാഗ്രഹവും ഉണ്ടായിരുന്നില്ല. സിനിമ മോശം ഫീൽഡാണെന്നായിരുന്നു എന്റെ തെ​റ്റിദ്ധാരണ. ചിലപ്പോൾ അതെന്റെ പ്രായത്തിന്റെ പ്രശ്നമായിരിക്കും. ആ സമയത്ത് വന്ന സിനിമകൾ ഞാൻ വേണ്ടെന്ന് വച്ചിരുന്നു. ഇപ്പോൾ നന്നായി കുടുംബജീവിതം നയിക്കുകയാണ്. അഭിനയിക്കില്ലയെന്ന വാശിയൊന്നുമില്ല. ഏത് പ്രായത്തിൽ വേണമെങ്കിലും അഭിനയിക്കാമല്ലോ. അഭിനേതാക്കൾക്ക് അങ്ങനെയൊരു ഭാഗ്യമുണ്ട്. ഒരുപക്ഷേ ഭാവിയിൽ സിനിമയിലേക്ക് തിരിച്ചുവരികയാണെങ്കിൽ 'മനസിനക്കരെ' സിനിമയിൽ ഷീലാമ്മ ചെയ്തതുപോലുളള കഥാപാത്രത്തെ അവതരിപ്പിക്കണമെന്നുണ്ട്.

അധികം പഠിക്കാത്തതിൽ ഒരു സങ്കടവുമില്ല. എന്റെ കൂടെപഠിച്ച മിക്കവകരും ബിഎയും എംഎയും എംഫിലുമെല്ലാം എടുത്തതാണ്. പക്ഷെ അവരുടെ വീട്ടിലെ അലമാരയിൽ ഉള്ളതിലേക്കാൾ കൂടുതൽ പുരസ്‌കാരങ്ങൾ എന്റെ അലമാരയിലുണ്ട്. ഇത് എന്റെ മനോഭാവമാണ്. എല്ലാവരും അങ്ങനെയായിരിക്കണമെന്നില്ല. അവർക്ക് വിദ്യാഭ്യാസത്തിൽ നിന്ന് പോസി​റ്റീവ് പോയിന്റുകൾ കിട്ടിയിട്ടുണ്ടെങ്കിൽ എനിക്കും വേറെ രീതിയിൽ കിട്ടിയിട്ടുണ്ട്. ഞാൻ നല്ലൊരു വിദ്യാർത്ഥി അല്ലാത്തതുകൊണ്ടായിരിക്കാം അങ്ങനെ തോന്നുന്നത്. പക്ഷെ ഞാൻ സാധാരണ ജീവിതം നയിച്ചിരുന്നുവെങ്കിൽ ഇപ്പോൾ കിട്ടുന്ന പ്രാധാന്യം എവിടെ നിന്നും ലഭിക്കില്ലായിരുന്നു'- സംയുക്ത വർമ്മ പറഞ്ഞു.