ദിവസങ്ങളോളം കരഞ്ഞു, കുക്കായി ജോലിചെയ്തു; തുറന്നുപറഞ്ഞ് നടൻ കൃഷ്ണ

Wednesday 26 November 2025 3:16 PM IST

അവസരങ്ങൾ ചോദിച്ച് ഇപ്പോഴും സംവിധായകരെ വിളിക്കാറുണ്ടെന്ന് നടൻ കൃഷ്ണ. ഇനി ഒരു ഹീറോ വേഷം താൻ പ്രതീക്ഷിക്കുന്നില്ലെന്നും അങ്ങനെ ചിന്തിച്ചാൽ വീട്ടിലിരിക്കുകയേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കൃഷ്ണ. ഡൽഹിയിൽ കുക്കായി ജോലി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 'റസ്‌റ്റോറന്റ് ഫാമിലിയിൽ നിന്നുള്ളതാണ് ഞാൻ. ടോപ്പ് ലെവലിൽ എത്തണമെങ്കിൽ അവിടെ പ്ലേറ്റ് കഴുകിയേ പറ്റൂവെന്നാണ് എന്റെ ഫാദർ പഠിപ്പിച്ചത്. താഴെത്തട്ടിൽ നിന്ന് തുടങ്ങണമെന്ന്. അങ്ങനെയൊരു മൈൻഡിൽ പോയൊരാളാണ്. അതാണ് എന്റെ നട്ടെല്ല്. ആ നട്ടെല്ലുകൊണ്ടാണ് ഇപ്പോഴും എനിക്ക് സിനിമയിൽ വേഷം കിട്ടുന്നത്. ചോദിച്ചു ചോദിച്ചുപോകാമെന്ന് പറയുമ്പോലെ, ചോദിച്ചു ചോദിച്ച് ചാൻസ് വാങ്ങിയ ആളാണ്. സിനിമ ഇല്ലാതിരുന്നപ്പോൾ ഡൽഹിയിലേക്ക് പോയി. കേരളം വിട്ടതെന്താണെന്നുവച്ചാൽ ഇവിടെയിരുന്നാൽ ഞാൻ മുതലാളിയേ ആകൂ. കുറച്ച് ധൈര്യം വയ്ക്കണമെങ്കിൽ, ഭാഷ കൈകാര്യം ചെയ്യാൻ പറ്റണമെങ്കിൽ കേരളം വിട്ടാലേ ശരിയാകൂ. കാരണം ഇവിടെ സിനിമാക്കാരനായി അറിയപ്പെടുന്നു. വിളിച്ചാൽ കൺട്രോളർമാർ വണ്ടിയയച്ചുതരും. പക്ഷേ ജീവിതം പഠിക്കണം.

ഞാൻ ഡൽഹിയിൽ പോയി ശരിക്ക് ഫൈറ്റ് ചെയ്തു. ദിവസങ്ങളോളം കരഞ്ഞിട്ടുണ്ട്. കാരണം മലയാള സിനിമയിൽ ടോപ്പ് ആയി നിന്നിട്ട് താഴോട്ട് പോയതാണ്. ഡൽഹിയിൽ കുക്കായി ജോലി ചെയ്തു. ഞാൻ തന്തൂരിയാണ് പഠിച്ചത്. എത്ര ചൂടുണ്ടെങ്കിലും മാവ് കൈ കൊണ്ട് അടിക്കാനാകും. അങ്ങനെ ശീലമായി. അവിടെ ആരും തിരിച്ചറിഞ്ഞില്ല. അന്ന് സോഷ്യൽ മീഡിയ ഇത്ര സജീവമായിരുന്നില്ല. ഒരു വർഷം ജോലി ചെയ്തു. കോൺഫിഡൻസായി.'- കൃഷ്ണ പറഞ്ഞു.