"മെയ്യനങ്ങാതെ കാശുണ്ടാക്കുന്ന വീരശൂരപരാക്രമികളുടെ ഇടയിൽ ഷമ്മിയോടും അനുകൂലിച്ചു പ്രതികരിച്ചവരോടും ബഹുമാനം തോന്നുന്നു"

Wednesday 26 November 2025 4:43 PM IST

അടുത്തിടെയാണ് പൃഥ്വിരാജ് സുകുമാരന്റെ വിലായത്ത് ബുദ്ധ തീയേറ്ററുകളിലെത്തിയത്. ഷമ്മി തിലകനും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയിരുന്നു. സിനിമയ്ക്കും അണിയറപ്രവർത്തകർക്കുമെതിരെ വലിയ രീതിയിൽ സൈബർ ആക്രമണം നടക്കുന്നുണ്ട്. ഇതിനിടയിൽ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടിയും പൃഥ്വിരാജിന്റെ അമ്മയുമായ മല്ലിക സുകുമാരൻ.

പൃഥ്വിരാജിനെക്കുറിച്ച് ഷമ്മി തിലകൻ സംസാരിക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ടാണ് മല്ലിക സുകുമാരന്റെ പ്രതികരണം. 'വിലായത്ത് ബുദ്ധയിലെ നായകൻ പൃഥ്വിരാജ് അല്ലെങ്കിൽ ഒരിക്കലും ഞാനീ വേഷം ചെയ്യില്ല. പൃഥ്വിരാജ് ആയതുകൊണ്ടാണ് എനിക്കീ വേഷം ചെയ്യാനായത്.

പൃഥ്വിരാജിന്റെ കഥാപാത്രത്തേക്കാൾ ഡോമിനേറ്റ് ചെയ്യുന്ന കഥാപാത്രമാണ്. പൃഥ്വിരാജിന്റെ ഗുരുവാണ് ആ കഥാപാത്രം. സ്‌ക്രീൻ സ്‌പെയ്സും കുറച്ച് ഡോമിനേറ്റ് ചെയ്യുന്നു. എന്നിട്ടും അതിന് തയ്യാറായ വ്യക്തിയാണ് പൃഥ്വിരാജ്. എന്റെ ജീവിതകാലം മുഴുവൻ ഞാൻ കടപ്പെട്ടിരിക്കുന്നു. പൃഥ്വിരാജല്ല, മറ്റൊരാളാണെങ്കിൽ എനിക്ക് ആ വേഷം ചെയ്യാനാകില്ല.'- എന്നാണ് ഷമ്മി തിലകൻ വീഡിയോയിൽ പറയുന്നത്. അനുകൂലിച്ച് സംസാരിച്ച ഷമ്മി തിലകൻ അടക്കമുള്ളവരോട് ബഹുമാനമുണ്ടെന്ന് മല്ലിക സുകുമാരൻ വ്യക്തമാക്കി.

"യഥാ രാജാ തഥാ പ്രജ എന്നും പറഞ്ഞ്, കാശും വാങ്ങി പോക്കറ്റിൽ ഇട്ട് കൃഷ്ണന്റെയും വല്ല പെണ്ണിന്റെയും, ഒന്നുമറിയാത്ത കുഞ്ഞിന്റെയും ഒക്കെ ഫോട്ടോയും വച്ചു പ്രൊഫൈൽ ലോക്കും ചെയ്തു മെയ്യനങ്ങാതെ കാശുണ്ടാക്കുന്ന വീര ശൂര പരാക്രമികളുടെ ഇടയിൽ ഷമ്മിയോടും അനുകൂലിച്ചു പ്രതികരിച്ച വ്യക്തിത്വങ്ങളോടും ബഹുമാനം തോന്നുന്നു"- എന്നാണ് മല്ലിക സുകുമാരൻ ഫേസ്‌ബുക്കിൽ കുറിച്ചത്.